ജെയിംസ് കൂടൽ
ആരാധ്യനായ കെ. സുധാകരൻ സാറിനോട്സ്നേഹപൂർവം പറയട്ടെ,
താങ്കളുടെ പുതിയ നിലപാടിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല എന്ന് ആമുഖങ്ങളില്ലാതെ പറയട്ടെ. കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, വ്യക്തിപ്രാധാന്യത്തേക്കാൾ ആവശ്യമായത് കൂട്ടായ നേതൃത്ത്വവും ഏകോപിതമായ പ്രവർത്തനവുമാണ്. ഒരു നേതാവിന്റെ നിലപാട് മാത്രമല്ല, മുഴുവൻ സംഘത്തിന്റെ ദിശയും പ്രവർത്തനരീതിയും തന്നെയാണ് വിജയത്തെ നിർണ്ണയിക്കുന്നത്.
ഇന്ന് യുഡിഎഫിന് മുന്നോട്ട് പോകേണ്ടത് ഒരാളുടെ കരുത്തിൽ അല്ല മറിച്ച് പരിചയസമ്പത്തും നവീനചിന്തയും കൈകോർക്കുന്ന ഒരു നേതൃത്വത്തിലൂടെയാണ്. അതിനാൽ,രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നയിക്കട്ടെ എന്നതാണ് സമയോചിതമായ സമീപനം.ചെന്നിത്തലയുടെ ഭരണപരിചയവും സംഘടനാ മികവും, സതീശന്റെ നിയമസഭാ പാടവവും ജനകീയ സമീപനവും ഈ കൂട്ടുകെട്ട് യുഡിഎഫിന് ശക്തമായ ദിശാബോധം നൽകും എന്ന വിശ്വാസം പ്രവർത്തകരിൽ ശക്തമാണ്. ഇത്തരം സമയങ്ങളിൽ വ്യത്യസ്തമായ സന്ദേശങ്ങൾ പുറത്തേക്ക് പോകുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇടയാക്കും. അതുകൊണ്ട് തന്നെ,സംഘബലം മുൻനിർത്തിയുള്ള വ്യക്തമായ ദിശാബോധമാണ് ഇപ്പോൾ ആവശ്യമായത്.
പാർട്ടിയോടുള്ള താങ്കളുടെ ആത്മാർത്ഥതയും ദീർഘകാല സംഭാവനകളും എപ്പോഴും ആദരവോടെ തന്നെയാണ് കാണുന്നത്. എന്നാൽ, ഈ ഘട്ടത്തിൽ കേരളത്തിന്റെ ഭാവിക്ക് അനുകൂലമായത് കൂട്ടായ നേതൃത്വം തന്നെയാണെന്ന നിലപാട് വ്യക്തമാക്കുകയാണ് ശക്തമായ, ഏകോപിതമായ യുഡിഎഫ് നേതൃത്വത്തിനായി പ്രതീക്ഷയോടെ…



