ചണ്ഡീഗഡ്: ഹരിയാനയിൽ സംഘർഷത്തിന് അയവില്ല. നുഹിൽ തുടങ്ങിയ സംഘർഷം ഹരിയാനയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവിധ ഭാഗങ്ങളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി അനിൽ വിജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 40 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നൂറിലധികം ആളുകളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുപ്പികളിൽ നൽകുന്നതിനാണ് വിലക്കെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
അതേസമയം ഗുരുഗ്രാമിൽ ഓഫീസുകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് ‘എക്സി’ലൂടെ പറഞ്ഞു. ആർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ‘ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഞങ്ങൾ അപലപിക്കുന്നു. എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുന്നു. ഗുരുഗ്രാമിന് അകത്തും പുറത്തും എവിടെയും യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. ദയവായി കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക,’ എന്നായിരുന്നു പോസ്റ്റ്.