കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഘട്ട പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ കെ ആന്റണിയും ശശി തരൂരും എത്തും. ഇരുവരും പൊതുയോഗങ്ങളിൽ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലിന് പുതുപ്പള്ളിയിലും വൈകീട്ട് ആറിന് അയര്ക്കുന്നത്തുമാണ് എ കെ ആന്റണിയുടെ പരിപാടി. സെപ്റ്റംബർ രണ്ടിന് ശശിതരൂർ എംപി പാമ്പാടിയിൽ സംസാരിക്കും. തരൂരിന്റെ റോഡ് ഷോ ഉണ്ടായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സെപ്റ്റംബർ രണ്ടിന് മീനടം മാളികപ്പടിയില്‍ സംസാരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രചാരണത്തിൽ പങ്കുചേരും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സെപ്റ്റംബർ ഒന്നിന് കൂരോപ്പടയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന് സെപ്റ്റംബർ രണ്ടിന് വാകത്താനത്തും പൊതുയോഗത്തിൽ പങ്കെടുക്കും. അതേദിവസം തന്നെ അകലക്കുന്നത്ത് രമേശ് ചെന്നിത്തല എത്തും. ഇടതുമുന്നണിയുടെ പ്രചാരണത്തിനായി നാളെയും സെപ്റ്റംബർ ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയന് പുതുപ്പള്ളിയിലെത്തും. എന്‍ഡിഎയ്ക്കായി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന് 30നും, വി മുരളീധരന് 31-ാം തിയതിയും എത്തിച്ചേരും.
അതേസമയം, ഓണം പ്രമാണിച്ച് യുഡിഎഫും എൻഡിഎയും ഇന്നും നാളെയും, 31-ാം തീയതിയും പ്രചാരണം നടത്തുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണങ്ങൾക്ക് ഇത്തരമൊരു ഇടവേള അപൂർവ്വമാണ്. പരസ്പരം മത്സരിച്ചുള്ള പരസ്യ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. ഇതിനിടെയാണ് താത്കാലിക വിശ്രമം.