ചെന്നൈ: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. എത്ര ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് എന്ന് വ്യക്തമല്ല.
ചിത്രത്തിലെ വന്‍ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ജയ് ഭീം എന്ന സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകനാണ് ജ്ഞാനവേല്‍. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഇതുവരെ പ്രത്യക്ഷപ്പെടാത്ത വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം മലയാളത്തിലെ ലേഡി സൂപ്പര്‍താരം മഞ്ജു വാര്യർ ഭാഗമാകുമെന്ന് നിര്‍മ്മതാക്കള്‍ അറിയിച്ചിരുന്നു. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’. ധനുഷ് നായകനായ അസുരനിലും, അജിത്ത് പ്രധാന വേഷത്തില്‍ എത്തിയ തുനിവിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
അതേ സമയം ബാഹുബലി താരം റാണയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. റാണ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’. നേരത്തെ ഇദ്ദേഹം അഭിനയിച്ച ബഹുബലി അടക്കം ബിഗ് ബജറ്റ് ചിത്രങ്ങള്‍ തമിഴില്‍ ഡബ്ബ് ചെയ്ത് എത്തിയിട്ടുണ്ട്. നേരത്തെ തെലുങ്ക് താരം നാനി ചെയ്യാനിരുന്ന വേഷമാണ് റാണ ചെയ്യുന്നത് എന്ന ചില റിപ്പോര്‍ട്ടുകളുണ്ട്.