റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഇന്ന് മുതൽ വെള്ളി വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കുമെന്നും പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റിയാദ് ഉൾപ്പെടെ മക്ക, മദീന പ്രവിശ്യകളിലും തെക്കൻ മേഖലകളായ അസീർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിലും മഴ അതിശക്തമാകും. റിയാദിലെ ദിരിയ, അൽ ഖർജ്, അൽ ഖിദ്ദിയ തുടങ്ങിയ ഗവർണറേറ്റുകളിലും മഴ കനക്കും. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതിശക്തമായ മഴയുള്ള സാഹചര്യങ്ങളിൽ കടൽചുഴലിക്കും കരയിൽ ചുഴലിക്കാറ്റിന് സമാനമായ മേഘരൂപീകരണങ്ങൾക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ തത്സമയം അറിയാൻ ‘അൻവ’ ആപ്പ് ഉപയോഗിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എൻ.സി.എം ആവശ്യപ്പെട്ടു. അടുത്ത ഒരാഴ്ചത്തേക്ക് കൂടി അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാൽ വാദികളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.



