ദോഹ : അൽബിദ പാർക്കിലെ ദോഹ എക്സ്പോയിലെ കാഴ്ചയുടെ വൈവിധ്യങ്ങളിലേക്ക് പൊതുജന പങ്കാളിത്തമേറുന്നു. ഫാമിലി, കൾചറൽ സോണുകളിലാണ് കൂടുതൽ തിരക്ക്. കാർഷിക പ്രദർശനങ്ങൾക്കു പുറമേ നടക്കുന്ന കലാ, സാംസ്കാരിക, വിനോദ പരിപാടികൾ കാണാനാണ് ജനം ഒഴുകിയെത്തുന്നത്. ഫാമിലി സോണിലെ ഓപ്പൺ എയർ ആംഫി തിയറ്ററിൽ നടക്കുന്ന കലാപരിപാടികൾ കാണാനും നിറഞ്ഞ സദസ്സാണ്.
ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ വീണ്ടുമൊരു ആഘോഷക്കാലമാണ് നടക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നും ഏറെപ്പേർ എക്സ്പോ കാണാൻ എത്തുന്നു. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സംഘാടനത്തിന് സന്ദർശകർ നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്. സന്ദർശകരുടെ സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനമണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസേന ഉച്ചയ്ക്കു ശേഷം രാത്രി വരെ വൈവിധ്യമായ വിനോദ പരിപാടികളും ഖത്തറിന്റെ പരമ്പരാഗത കായികരൂപങ്ങളും നടക്കുന്നു. കുട്ടികൾക്ക് വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.