ദുബൈ: ഗസ്സയിൽ ഇസ്രായേൽ ക്രൂരത മാറ്റമില്ലാതെ തുടരുമ്പോൾ മരണസംഖ്യ 2450 ആയി ഉയർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ് കണക്കെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സ പിടിക്കാൻ ഒരുങ്ങിയിരിക്കാൻ ഇസ്രായേൽ സൈനിക മേധാവി സൈന്യത്തിന് നിർദേശം നൽകി. അതേ സമയം ഗസ്സയിൽ സഹായം എത്തിക്കുന്നതിനൊപ്പം ബന്ദികളുടെ മോചനത്തിനും നീക്കം ശക്തമായി.
പത്താം ദിവസമായ ഇന്നും ഗസ്സക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ ശക്തമായി തുടരുകയാണ്. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തെത്തിയ ആയിരങ്ങൾ അത്യന്തം ദുരിതപൂർണമായ അവസ്ഥയിലാണ്. ദക്ഷിണ ഗസ്സയിൽ വെള്ളം പുന:സ്ഥാപിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗസ്സക്കുള്ള സഹായം എത്തിക്കാൻ മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് തിരക്കിട്ട നീക്കമാരംഭിച്ചതായി യു.എസ് പ്രസിഡൻറ് ബൈഡൻ അറിയിച്ചു. പശ്ചിമേഷ്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അംബാസഡർ ഡേവിഡ്സാറ്റർഫീൽഡിനെ പ്രത്യേക ദൂതനായി അമേരിക്ക നിയമിച്ചു. ഗസ്സയിലേക്ക്ജീവകാരുണ്യ ഉത്പന്നങ്ങൾ എത്തിക്കുന്നതിന്റെ ഏകോപനവും ഇദ്ദേഹത്തിനായിരിക്കും. ഗസ്സയിലെ വൈദ്യമേഖല അപ്പാടെ തകർന്നു. ആയിരങ്ങൾ ചികിൽസ ലഭിക്കാതെ നരകിക്കുകയാണ്. റഫ അതിർത്തി തുറന്നാൽ മരുന്ന് ഉത്പന്നങ്ങള്‍ ഉടൻ എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗസ്സയുടെ അതിർത്തിയിൽ കരയുദ്ധത്തിനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ് ഇസ്രായേൽ സേന.