മുംബൈ: നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ജുഹുവിലെ വസതിയായ ‘ജൽസ’, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ മേയറുടെ ഓഫീസ് എന്നിവിടങ്ങളിലാണ് ആക്രമണ ഭീഷണി ഉയർന്നത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് നിർവീര്യമാക്കൽ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലങ്ങളിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനുമുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ അടുത്തിടെയും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഒക്ടോബർ 23ന് ലഭിച്ച ഇമെയിലിൽ ബച്ചന്റെ വീടിനും മുംബൈ മേയറുടെ ഓഫീസിനും ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീതപരിപാടി നടക്കുന്ന മഹാലക്ഷ്മി റേസ്‌കോഴ്‌സിനും നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ ആറിനും ബച്ചന്റെ വസതിയെയും ബോംബെ ഹൈക്കോടതിയെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും മഹാലക്ഷ്മി റേസ്‌കോഴ്‌സിനെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ബച്ചന്റെ വസതിക്ക് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ സംരക്ഷണം താരം സ്വീകരിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.