വാഷിങ്ടൺ: പ്രഡിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും അടുത്ത അനുയായിയുമായ സെർജിയോ ഗോറിനെ അമേരിക്കയുടെ ഇന്ത്യയിലെ അംബാസഡറാക്കാനുള്ള തീരുമാനത്തിന് സെനറ്റിന്റെ അംഗീകാരം. അംബാസഡർ നാമനിർദേശത്തിന് യു.എസ് സെനറ്റിന്റെ പിന്തുണതേടിയപ്പോൾ 51 സെനറ്റർമാരും സെർജിയോ ഗോറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 47 പേർ എതിർത്ത് വോട്ട് ചെയ്തു. ട്രംപിന്റെ അധികതീരുവയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലെ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ സങ്കീർണമാവുന്നതിനിടെയാണ് 38കാരനായ സെർജിയോ ഗോർ പ്രസിഡന്റിന്റെ വിശ്വസസ്തനെന്ന നിലയിൽ പുതിയ ദൗത്യവുമായി ന്യൂഡൽഹിയിലേക്ക് നിയോഗിക്കപ്പെടുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ പേരിൽ ചുമത്തിയ അധിക തീരുവ ഇന്ത്യ-അമേരിക്ക ബന്ധം വഷളാക്കുകയും, ഇന്ത്യ ചൈന, റഷ്യ രാജ്യങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വലിയ ദൗത്യമാവും സെർജിയോ ഗോറിന് ട്രംപ് ഏൽപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇദ്ദേഹത്തെ ഇന്ത്യയിലേക്കുള്ള അടുത്ത അംബാസഡറായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉസ്ബെക് വംശജനായ യുവ നയതന്ത്രജ്ഞന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുപ്പക്കാരനെന്ന പ്രത്യേകതയുമുണ്ട്. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്. വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറായിരുന്നു.
ഉസ്ബെക്കിസ്ഥാനിലെ താഷ്കൻ്റിലാണ് സെർജിയോ ഗോർ ജനിച്ചത്. പിന്നീട് അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 2008ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോൺ മക്കെയ്ന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കാളിയായി. ട്രംപിന് വേണ്ടി രൂപികരിച്ച പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയായ റൈറ്റ് ഫോർ അമേരിക്കയെ നയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറായി സെർജിയോ ഗോർ നിയോഗിതനായത്.



