ചന്ദ്രനിൽ അമേരിക്ക സ്ഥാപിക്കാനൊരുങ്ങുന്ന താവളത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ. വിശദമായ പദ്ധതിയുമായി നാസ മുന്നോട്ട് പോകുകയാണെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ബഹിരാകാശത്ത് അമേരിക്കയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന നിർണായക പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയുടെ ബഹിരാകാശ നയത്തിൽ സുപ്രധാന സ്ഥാനമാണ് ലൂണാർ ബേസ് പദ്ധതിക്കുള്ളതെന്ന് ഐസക്മാൻ വെളിപ്പെടുത്തി. ഭാവിയിലെ ബഹിരാകാശ പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കുന്നത് ഈ താവളം ആയിരിക്കും. ബഹിരാകാശ ഗവേഷണത്തിന്റെ നേതൃസ്ഥാനം അമേരിക്കയ്ക്ക് തന്നെയാവണം എന്ന ലക്ഷ്യത്തോടെയാണ് നാസ മുന്നേറുന്നത്.
ചന്ദ്രനിലെ തുടർച്ചയായ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും ആണവോർജത്തെ ആശ്രയിക്കാനാണ് നാസ പദ്ധതിയിടുന്നത്. ആഗോള തലത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന കണ്ടെത്തലുകളുടെ വേഗതയും വ്യാപ്തിയും വർധിപ്പിക്കാൻ ചന്ദ്രനിലെ താവളത്തിന് കഴിയുമെന്നും നാസ കരുതുന്നു. ഈ ലൂണാർ ബേസ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും വാണിജ്യ സാധ്യതകൾ തുറക്കുമെന്നും നാസ പ്രതീക്ഷിക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ ബഹിരാകാശ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ് ഇതെല്ലാമെന്നും നാസ അതെല്ലാം യാഥാർഥ്യമാക്കുമെന്നും ഐസക്മാൻ പറയുന്നു. ആസുത്രണ ഘട്ടത്തിൽനിന്ന് പദ്ധതിയുടെ നിർമാണത്തിലേക്ക് വളരെവേഗം നാസ മാറുമെന്നും അദ്ദേഹം പറയുന്നു. ഈ സംരംഭം ബഹിരാകാശ ഗവേഷണ രംഗത്ത് യുഎസ് സ്വാധീനം ശക്തിപ്പെടുത്തുമെന്നും പുതിയ ഗവേഷണ പദ്ധതികൾ രൂപപ്പെടുത്താൻ അവസരം ഒരുക്കുമെന്നും നാസ അഡ്മിനിസ്‌ട്രേറ്റർ അഭിമുഖത്തിൽ വ്യക്തമാക്കി.



