വെളിപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും വിലയേറിയ ഡൊമെയ്ൻ നാമമായി ai.com. സ്വകാര്യ ജെറ്റിന്റെ വിലയ്ക്ക് തുല്യമായ തുക നൽകി ഈ ഡൊമെയ്ൻ സ്വന്തമാക്കിയതാകട്ടെ ക്രിപ്റ്റോ പ്ലാറ്റ്ഫോമിന്റെ സഹസ്ഥാപകനും സിഇഒയുമായ ക്രിസ് മാർസാലെക്. ഏകദേശം 70 മില്യൺ (ഏഴ് കോടി) ഡോളറാണ് അദ്ദേഹം ചെലവഴിച്ചത്. പൂർണമായും ക്രിപ്റ്റോകറൻസി ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാക്കിയതെന്ന് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
വിൽപനക്കാർ ആരായിരുന്നു എന്ന വിവരം പുറത്തുവന്നിട്ടില്ല. GetYourDomain.com ലെ ഡൊമെയ്ൻ ബ്രോക്കർ ലാരി ഫിഷറാണ് അതിന്റെ മൂല്യം സ്ഥിരീകരിച്ചത്. ഇതോടെ എക്കാലത്തെയും ഏറ്റവും ചെലവേറിയ ഡൊമെയ്ൻ വാങ്ങലുകളിൽ ഒന്നായി അത് മാറി. മാർസാലെക് ഇടപാട് സ്ഥിരീകരിക്കുകയും AI.com ഉടൻ തന്നെ ഒരു പുതിയ നിർമിതബുദ്ധി ഉൽപ്പന്നം പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ ഡൊമെയ്ൻ വാങ്ങിയതിന് ശേഷം AI.com വൻതുകയ്ക്ക് വിൽക്കാൻ നിരവധി ഓഫറുകൾ ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ അദ്ദേഹത്തിന് അത് വീണ്ടും വിൽക്കാൻ പദ്ധതിയില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി കണക്കിലെടുത്ത് ദീർഘകാല നിക്ഷേപമായി ഡൊമെയ്ൻ നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മാർസാലെക് പറയുന്നു.
സമാനമായ സവിശേഷതകളുള്ള നിരവധി AI ടൂളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെ ചെറുതും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ വെബ് വിലാസങ്ങൾ ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ടായി വരുന്ന സാഹചര്യത്തിലാണ് ഇടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. പ്ലാറ്റ്ഫോമിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒരു പ്രത്യേക ടീം രൂപവത്കരിച്ചിട്ടുണ്ടെന്നും മാർസാലെക് പറയുന്നു. ഉൽപ്പന്നത്തെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.



