Saturday, February 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsഅമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത‍്യന്‍ വിദ്യാർഥിയെ അഞ്ച് ദിവസമായി കാണാനില്ല

അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത‍്യന്‍ വിദ്യാർഥിയെ അഞ്ച് ദിവസമായി കാണാനില്ല

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത‍്യന്‍ വിദ്യാർഥിയെ അഞ്ച് ദിവസമായി കാണാനില്ല. കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) യെയാണ് ഫെബ്രുവരി 9 മുതൽ കാണാതായത്. കാലിഫോർണിയ സർവകലാശാലയിലെ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയാണ് സാകേത്.

ക്യാമ്പസിൽ നിന്നും ഒരു കിലോമീറ്റർ അകലെ വെച്ചാണ് വിദ്യാർഥിയെ അവസാനമായി കണ്ടതെന്ന് അധികൃതർ അറിയിച്ചു. സമീപത്ത് നിന്നും പാസ്പോർട്ടും ലാപ്ടോപും അടങ്ങിയ ബാഗ് പിന്നീട് കണ്ടെടുത്തിരുന്നു. നിലവിൽ ലേക്ക് അന്‍സ, ബെർക്കലി ഹിൽസ് എന്നിവ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ആറടി ഉയരവും ഏകദേശം 72 കിലോ ഭാരവുമുള്ള സാകേതിന് കറുത്ത ചെറിയ മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണുള്ളത്.

അതേസമയം, സാകേതിന്‍റെ തിരോധാനത്തിൽ ആശങ്ക അറിയിച്ച സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത‍്യന്‍ കോൺസുലേറ്റ് വിദ്യാർഥിയുടെ കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. സാകേതിനെ കണ്ടെത്താനായി സമൂഹമാധ‍്യമങ്ങൾ വഴി നിരവധി കൂട്ടായ്മകൾ പരിശ്രമിക്കുന്നുണ്ട്. നിരവധി പേർ തിരച്ചിലിനിറങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ ശ്രീവാണി എജ്യുക്കേഷൻ സെന്ററിലായിരുന്നു സാകേതിന്‍റെ സ്കൂൾ വിദ്യാഭ്യാസം. ഐ.ഐ.ടി മദ്രാസിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സാകേത് ബിരുദാനന്തര ബിരുദത്തിനായാണ് യു.എസിലെത്തിയത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വിവരങ്ങളനുസരിച്ച് ഹൈപ്പർലൂപ്പിനായുള്ള ‘മൈക്രോചാനൽ കൂളിങ് സിസ്റ്റവും അതിന്റെ പ്രവർത്തന രീതിയും’ കണ്ടുപിടിച്ച ആറംഗ സംഘത്തിൽ ഒരാളായിരുന്നു സാകേത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments