ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് താക്കീതുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് വേഗത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് സംശയകരമാണെന്നും സ്റ്റാലിന് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പല്ല , തമിഴ് നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനമാണ് ഡിഎംകെയ്ക്ക് പ്രധാനം.നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനം സ്തംഭിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, പ്രതിപക്ഷ പാർട്ടികളുമായോ സംസ്ഥാനങ്ങളുമായോ ആലോചിക്കാതെ മണ്ഡല പുനർനിർണ്ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്റ്റാലിന് ആരോപിച്ചു. കേന്ദ്ര സർക്കാരിനുള്ള തന്റെ ‘അവസാന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.



