കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് അധ്യാപകൻ ഡോ. റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്. ഡോ. റാമിന്റെ തുടർച്ചയായ ശാരീരിക, മാനസിക പീഡനങ്ങൾ വെളിപ്പെടുത്തിയാണ് ചൊവ്വാഴ്ച കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തിയത്.
കോളേജിൽ ചേർന്ന ആദ്യവർഷം മുതൽത്തന്നെ ഡോ. റാമിൽനിന്ന് നിരന്തരം അപമാനം നേരിട്ടതായാണ് അവസാനവർഷ ബിഡിഎസ് വിദ്യാർഥിയായ ആഷിഖ് നാരായണൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
”ആദ്യംവർഷം മുതലേ അപമാനമാണ് നേരിട്ടത്. ക്ലാസിൽ മറ്റുകുട്ടികളുടെ മുന്നിൽനിർത്തി എന്നെ കാണാൻ കോളനി ബെഗ്ഗറുടെ ലുക്കില്ലേ എന്ന് ചോദിച്ചു. മൂന്നാംവർഷവും അയാളുടെ ഉപദ്രവും തുടർന്നു. ക്ലാസിൽ കയറാൻ മടിയായി. ഹാജർ കുറഞ്ഞു. കയറിയാലും ഹാജർ തരില്ല. വൈവയ്ക്ക് ഹാജരാകാനും അനുവദിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ എഴുതുന്നില്ലെന്ന് എഴുതികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇനി പരീക്ഷ എഴുതിയാൽ പ്രാക്ടിക്കലിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ വർഷം എഴുതാതിരുന്നാൽ അടുത്തവർഷം സഹായിക്കാമെന്നും പറഞ്ഞു. എന്റെ ആറ്റിറ്റിയൂഡ് ആയിരുന്നത്രേ അയാളുടെ പ്രശ്‌നം. ഒരിക്കൽ വൈവ കഴിഞ്ഞ് സ്റ്റാഫ് റൂമിന് സമീപത്തേക്ക് വിളിപ്പിച്ചു. അന്ന് ഞാൻ മുടി കെട്ടിവെച്ചിരുന്നു. എന്റെ ഫോൺ വാങ്ങി. ഒരു സിനിമയുടെ കഥാപാത്രത്തെ കാണിച്ചു. നിന്നെ കാണാൻ ആദിവാസി ചെക്കനെപ്പോലെയുണ്ടെന്ന് പറഞ്ഞു. മിണ്ടിയാൽ റീ-വൈവ നടത്തുമെന്നായിരുന്നു ഭീഷണി.
‘ഒരു സീനിയർ വിദ്യാർഥിനി അവരുടെ അച്ഛനൊപ്പം പുറത്തുപോയത് കണ്ട് അത് മറ്റൊരുരീതിയിൽ പറഞ്ഞുപരത്തി. ഒപ്പമുണ്ടായിരുന്നത് അച്ഛനാണെന്ന് ആ ചേച്ചി പ്രതികരിച്ചു. അതിന്റെ പേരിൽ രണ്ടരകൊല്ലമാണ് ആ സീനിയർ ചേച്ചിയുടെ കോഴ്‌സ് വൈകിപ്പിച്ചത്. ബ്ലാക്കി, ബ്ലാക്ക് കൗ, ബ്ലാക്ക് പിഗ് എന്നൊക്കെയാണ് അല്പം ഇരുണ്ടനിറമുള്ളവരെ വിളിക്കാറുള്ളത്. വെളുത്താൽ വൈറ്റ് കോക്രോച്ച്, മെലിഞ്ഞാൽ എൻഡോസൾഫാൻ, കാൻസർ പേഷ്യന്റ് എന്നിങ്ങനെ പേരുകൾ വിളിക്കും’, വിദ്യാർഥി ആരോപിച്ചു.
ഡോ. റാം ക്ലാസിൽവെച്ച് പെൺകുട്ടിയെക്കൊണ്ട് ചെരിപ്പൂരി അടിപ്പിക്കാൻ ശ്രമിച്ചതായി മറ്റൊരു വിദ്യാർഥിയും മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാംവർഷ ബിഡിഎസ് വിദ്യാർഥിയായ ആൽബിൻ ആണ് തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞത്.
ഇവിടെ പേഷ്യന്റ്‌സ് കുറവായതിനാൽ സീനിയേഴ്‌സിന് പേഷ്യന്റായി പോകേണ്ടിവരും. അങ്ങനെ പെർമിഷൻ എടുത്ത് പോയിട്ടും സ്റ്റാഫ്‌റൂമിലേക്ക് വിളിപ്പിച്ചു. അന്ന് എന്റെ ഷർട്ടിന്റെ പോക്കറ്റിന്റെ തുന്നൽ വിട്ടിരുന്നു. അത് വലിച്ചുകീറി പോക്കറ്റ് മുഴുവനും തുന്നിയിട്ട് വാ എന്നുപറഞ്ഞു.
നിന്നെ കുട്ടികൾ നോക്കില്ല, ഗേൾഫ്രണ്ട്‌സ് ഉണ്ടാകില്ല എന്നൊക്കെയാണ് എല്ലാവരുടെയും മുന്നിൽവെച്ച് പറയാറുള്ളത്. ഒരിക്കൽ ഒരു പെൺകുട്ടിയോട് എന്നെ ചെരിപ്പൂരി അടിക്കാൻ പറഞ്ഞു. അവൾക്ക് അതിന് കഴിയാത്തതുകൊണ്ട് അവൾ ചെരിപ്പ് താഴെയിട്ടു. ഇങ്ങനെ കുറേ സ്റ്റാഫുകൾ ഉണ്ട്. സാമ്പത്തികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ് അവർ. 20,000 രൂപയുടെ പുസ്തകമൊക്കെയാണ് ശിക്ഷാനടപടിയായി വാങ്ങിപ്പിക്കുന്നതെന്നും ആൽബിൻ ആരോപിച്ചു.
അതിനിടെ, കോളേജിലെ ദുരനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചവരെ നിരീക്ഷിക്കാനായി കോളേജ് അധികൃതർ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാർഥിനികളും ആരോപിച്ചു. കരിയർ പോലും നഷ്ടമാകുമെന്ന് ഭയന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽവന്നത്. തങ്ങളെ നിരീക്ഷിക്കാനായി മാനേജ്‌മെന്റ് ചിലരെ വെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മൂന്നോ നാലോ പേർ വന്ന് വീഡിയോ എടുത്തുപോയി. അവരോട് ചോദിച്ചപ്പോൾ കോളേജ് മാനേജ്‌മെന്റ് പറഞ്ഞിട്ടാണ് വീഡിയോ എടുക്കുന്നതെന്ന് അവർ സമ്മതിച്ചതായും വിദ്യാർഥിനികൾ പറഞ്ഞു.
അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽനിന്ന് പുറത്താക്കാൻ ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനമായിരുന്നു.
കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവിൽ സസ്പെൻഷനിലാണ്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. അതിനിടെ, കണ്ണൂർ പാലയാടുള്ള ഡോ. റാമിന്റെഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.



