കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസമായി വിദേശ വിമാന സർവീസുകൾ വീണ്ടും തിരിച്ചെത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ജൂൺ ഒന്ന് മുതൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വിദേശ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് ജാബിര്‍ അൽ സബാഹാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടിക്കറ്റ് നിരക്കുകളുടെ കുത്തനെയുള്ള വർധനവും പരിമിതമായ യാത്രാ സൗകര്യവും കാരണം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം.
യുദ്ധകാലത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളിൽ റഡാർ സംവിധാനങ്ങൾക്കും ഇന്ധന ടാങ്കുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ടെർമിനൽ 4, 5 എന്നിവ നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും വിദേശ വിമാന കമ്പനികളുടെ സർവീസുകൾ കൈകാര്യം ചെയ്യുന്ന ടെർമിനൽ 1 ജൂൺ ഒന്നിനാണ് വീണ്ടും തുറക്കുന്നത്. അറ്റകുറ്റപ്പണികളും സുരക്ഷാ സംവിധാനങ്ങളുടെ നവീകരണവും പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ തിരിച്ചുകൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അവധി ലഭിച്ചവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ചികിത്സ ആവശ്യമായവർ, വിസിറ്റിങ് വിസയിൽ എത്തിയവർ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. സൗദി വഴിയോ കുവൈത്ത് വിമാനത്താവളം വഴിയുള്ള പരിമിതമായ സർവീസുകളിലൂടെയോ മാത്രമായിരുന്നു കഴിഞ്ഞ മാസങ്ങളിൽ യാത്ര സാധ്യമായിരുന്നത്.നിലവിൽ കൊച്ചി അടക്കമുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള വൺവേ ടിക്കറ്റിന് പോലും 200 മുതൽ 400 ദിനാർ വരെ ഈടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരുമെന്ന ആശങ്കയിലായിരുന്നു പ്രവാസികൾ. എന്നാൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുകയും യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.
Leave a Comment
Your comment will be visible after admin approval.