അമേരിക്കയിൽ സ്റ്റേറ്റ് സിറ്റിസൺഷിപ്പ് ലിസ്റ്റ് തയാറാക്കാൻ പ്രസിഡണ്ട് ട്രംപ് നിർദ്ദേശം നൽകി

Global Indian Writer · June 1, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

വാഷിംഗ്ടൺ:കുടിയേറ്റക്കാരെയും അമേരിക്കയിലെ പൗരന്മാരെയും നിരീക്ഷിക്കുവാൻ അമേരിക്കയിലെ ഓരോ സംസ്ഥാനത്തോടും തങ്ങളുടെ പൗരന്മാരുടെ സമ്പൂർണ്ണ ലിസ്റ്റ് അഥവാ ‘സ്റ്റേറ്റ് സിറ്റിസൺഷിപ്പ് ലിസ്റ്റ്’ നിർബന്ധമായും തയ്യാറാക്കുവാൻ ഉത്തരവിട്ടുകൊണ്ടുള്ള പുതിയ എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു.

അമേരിക്കയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ആശങ്കയിലാക്കുന്ന പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്. കടുത്ത സുരക്ഷാ നീക്കമാണ് ട്രംപ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കുടിയേറ്റക്കാരെ ട്രാക്ക് ചെയ്യാനും അനധികൃത വോട്ടർമാരെ കണ്ടെത്താനുമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ നീക്കം നടത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ കുടിയേറ്റക്കാരെയും പൗരന്മാരെയും നിരീക്ഷിക്കാൻ ‘നാഷണൽ ഐഡി’ കാർഡോ അല്ലെങ്കിൽ കേന്ദ്രീകൃത ‘നാഷണൽ ഡാറ്റാബേസോ’ അമേരിക്കയ്ക്കില്ല. ഈ ഒരു പരിമിതി മറികടക്കാനാണ് ട്രംപ് ഇപ്പോൾ നീക്കം നടത്തിയിരിക്കുന്നത്. എന്നാൽ ട്രംപിന്റെ ഈ നീക്കം യുഎസിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഒരു വ്യക്തി അമേരിക്കൻ പൗരനാണെന്ന് തെളിയിക്കാൻ നിലവിൽ വ്യത്യസ്ത രേഖകളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട രേഖ യു.എസ് പാസ്‌പോർട്ടാണ്. എന്നാൽ ആകെ അമേരിക്കൻ ജനസംഖ്യയുടെ വെറും 54 ശതമാനം ആളുകൾക്ക് മാത്രമേ നിലവിൽ സ്വന്തമായി പാസ്‌പോർട്ട് ഉള്ളൂ! ബാക്കി 46 ശതമാനത്തിനും പാസ്‌പോർട്ടില്ല എന്നതും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റൊരു പ്രധാന രേഖ സോഷ്യൽ സെക്യൂരിറ്റി കാർഡാണ്. എന്നാൽ ഇത് പൗരത്വത്തിന്റെ കൃത്യമായ തെളിവല്ല. കാരണം, അമേരിക്കയിൽ ലീഗൽ വിസകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും നിയമപരമായി സോഷ്യൽ സെക്യൂരിറ്റി നമ്പർ ലഭിക്കാറുണ്ട്. അതുപോലെ, സ്വാഭാവികമായി പൗരത്വം നേടിയവർക്ക് അമേരിക്കൻ ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാകാറില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ട്രംപ് ഇപ്പോൾ നീക്കം നടത്തിയിരിക്കുന്നത്.

ഈ പദ്ധതി നേരിടുന്ന ഏറ്റവും വലിയ നിയമപരമായ വെല്ലുവിളി അമേരിക്കയിലെ ശക്തമായ സ്വകാര്യതാ നിയമങ്ങളാണ്. അമേരിക്കൻ ഭരണഘടനയിലെ ‘പ്രൈവസി ആക്ട് ഓഫ് 1974’ അനുസരിച്ച്, ഒരു ഫെഡറൽ ഏജൻസിയുടെ പക്കലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരു ഏജൻസിക്കോ അല്ലെങ്കിൽ സംസ്ഥാനങ്ങൾക്കോ കൈമാറാൻ നിയമപരമായി അനുവാദമില്ല. വിവരങ്ങൾ കൈമാറണമെങ്കിൽ ആ വ്യക്തിയുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമാണ്.

നിയമപാലനവുമായി ബന്ധപ്പെട്ട ചില സവിശേഷ സാഹചര്യങ്ങളിൽ ഇതിന് ഇളവുകൾ ഉണ്ടാവാം.
കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇത്തരമൊരു ഭീമൻ പൗരത്വ ഡാറ്റാബേസ് നിർമ്മിക്കുന്നത് ഈ പ്രൈവസി ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച മനുഷ്യാവകാശ അഭിഭാഷകർ വാദിക്കുന്നത്.
കുടിയേറ്റക്കാരെ ട്രാക്ക് ചെയ്യാനും അനധികൃത വോട്ടർമാരെ കണ്ടെത്താനുമുള്ള പ്രസിഡന്റിന്റെ എക്സിവുട്ടിവ് ഓർഡർ യു.എസ് കോടതികൾ റദ്ദാക്കുമോ അതോ നടപ്പിലാക്കാൻ അനുമതി നൽകുമോ എന്നത് കാത്തിരുന്നു കാണാം.

Share this story

Leave a Comment

Your comment will be visible after admin approval.