തടവുകാരനുമായി ലൈംഗിക ബന്ധം: സ്വകാര്യ ജയിൽ ഉദ്യോഗസ്ഥയ്ക്കെതിരെ ക്രിമിനൽ കേസ്

Global Indian Writer · June 13, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: തടവുകാരനുമായി ലൈംഗിക ബന്ധം ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിലെ സ്വകാര്യ ജയിലിൽ ജോലി ചെയ്തിരുന്ന ജയിൽ ഉദ്യോഗസ്ഥയ്ക്കെതിരെ ക്രിമിനൽ കേസ്. നോർത്താംപ്ടൻഷയറിലെ വെല്ലിങ്ബറോയിലെ എച്ച്എംപി ഫൈവ് വെൽസ് ജയിലിലെ മുൻ ഉദ്യോഗസ്ഥയായ കൈറ ഡാൻസർക്കെതിരെയാണ് (23) കേസ് എടുത്തിരിക്കുന്നത്.

ഔദ്യോഗിക പദവി ഉപയോഗിച്ച് തടവുശിക്ഷ അനുഭവിക്കുന്ന ഒരാളുമായി അനുചിതമായി ബന്ധം പുലർത്തിയെന്നാണ് പ്രധാന ആരോപണം. പൊതുസേവനത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. 2024 മേയ് 29 മുതൽ നവംബർ 9 വരെയും ജൂലൈ 11 മുതൽ നവംബർ 9 വരെയും രണ്ട് വ്യത്യസ്ത കാലയളവുകളിലായാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുപദവിയിലെ വീഴ്ച (Misconduct in Public Office) സംബന്ധിച്ച രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇതുകൂടാതെ, ജയിലിനുള്ളിൽ നിന്ന് അനുമതിയില്ലാതെ ചിത്രങ്ങളോ ശബ്ദരേഖകളോ ഇലക്ട്രോണിക് മാർഗം പുറത്തേക്ക് അയച്ചെന്നാരോപിച്ച് പ്രിസൺ ആക്ടിലെ സെക്ഷൻ 40ഡി പ്രകാരമുള്ള രണ്ട് കുറ്റങ്ങളും കൈറയ്ക്കെതിരെ റജിസ്റ്റർ ചെയ്തു. ഒക്ടോബർ 15, 22 തീയതികളിലാണ് ഈ സംഭവങ്ങൾ നടന്നതെന്നാണ് കേസ്. റഷ്ഡൻ സ്വദേശിനിയായ കൈറ ഡാൻസർ ജൂൺ 25ന് നോർത്താംപ്ടൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.

Share this story

Leave a Comment

Your comment will be visible after admin approval.