ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാനെക്കുറിച്ചുള്ള വിവാദ ബയോപിക് ‘ആർട്ടിഫിഷ്യൽ’ ൽനിന്ന് പിന്മാറി വിതരണക്കാരനായ ആമസോൺ. ഓപ്പൺഎഐയും ആമസോണും തമ്മിൽ 50 ബില്യൺ (5000 കോടി) ഡോളറിന്റെ വൻ പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്മാറ്റം.
ഈ കരാർ പ്രകാരം ആമസോൺ ഉടമ ജെഫ് ബെസോസ് ഓപ്പൺഎഐയിൽ ആദ്യഘട്ടമായി 15 ബില്യൺ (1500 കോടി) ഡോളർ നിക്ഷേപിക്കും. തുടർന്ന് കരാറിലെ നിബന്ധനകൾ പാലിക്കുന്ന മുറയ്ക്ക് വരും മാസങ്ങളിൽ 35 ബില്യൺ (3500 കോടി) ഡോളർ കൂടി നിക്ഷേപിക്കും എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇരുകമ്പനികളും ഒപ്പിട്ട 38 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് കരാറിന് പിന്നാലെയാണിത്.
ഓൾട്ട്മാനായി ആൻഡ്രൂ ഗാർഫീൽഡും ഇലോൺ മസ്ക്കായി ഐക്ക് ബാരിൻഹോൾട്സും അഭിനയിക്കുന്ന ചിത്രം ടെക് കമ്പനി സിഇഓയെ നല്ലരീതിയിൽ അവതരിപ്പിക്കുന്നതല്ല എന്നാണ് പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലാണ് ആമസോണിന്റെ പിന്മാറ്റം എന്നാണ് സൂചന. സംവിധായകൻ ലൂക്ക ഗ്വാഡഗ്നിനോയോട് അളവറ്റ ആദരവും ബഹുമാനവുമുണ്ടെന്നും അദ്ദേഹവുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ആമസോൺ പറയുന്നു.
കോമഡി തിരക്കഥാകൃത്ത് സൈമൺ റിച്ചാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഓപ്പൺഎഐയിൽനിന്ന് 2023-ൽ ഓൾട്ട്മാനെ നാടകീയമായി പുറത്താക്കുകയും വീണ്ടും നിയമിക്കുകയും ചെയ്തതിനെക്കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നതെന്ന് പറയപ്പെടുന്നു. കഥയിലെ നായകൻ ഓപ്പൺഎഐ സഹസ്ഥാപകൻ ഇല്യാ സുട്സ്കെവർ ആണ്. 2023-ൽ ഓൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയ ബോർഡ് അംഗങ്ങളിൽ സുട്സ്കെവറും ഉൾപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഓൾട്ട്മാൻ തിരികെ എത്തിയതോടെ സുട്സ്കെവർ ബോർഡിൽ നിന്ന് രാജി വെച്ചിരുന്നു.
2027-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ആമസോണിന്റെ പിന്മാറ്റം ചിത്രത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. വാർണർ ബ്രദേഴ്സും പാരമൗണ്ടും ചിത്രത്തിന്റെ തിരക്കഥ വിരസമാണെന്ന് വിലയിരുത്തി നേരത്തെ നിരസിച്ചതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Leave a Comment
Your comment will be visible after admin approval.