നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്

Global Indian Writer · July 6, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. 

അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് നെതന്യാഹു ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ, ഇസ്രയേലിന്റെ നടപടികളിൽ ‘വിശ്വഗുരു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനം അന്യായമാണെന്നും ഇത് ഇന്ത്യയുടെ  മൂല്യങ്ങളെയും പാരമ്പര്യത്തെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽനിന്ന് തങ്ങൾക്ക് വലിയ പിന്തുണയുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടത്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യയിൽനിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, നെതന്യാഹുവിൻ്റെ പ്രസ്താവന അഭിമാനകരമായ ഒന്നല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ‘മിസ്റ്റർ നെതന്യാഹുവിന് തെറ്റുപറ്റി. സംശയമില്ല, ഇസ്രയേൽ ‘മോദാനി’ സാമ്രാജ്യത്തിന്റെ ഭാഗമാണ്, നരേന്ദ്ര മോദി അദ്ദേഹത്തോട് അന്ധമായ ഭക്തി പുലർത്തുന്നു’ അദ്ദേഹം കുറിച്ചു. എന്നാൽ, കുട്ടികളെപ്പോലും ബാക്കിവെക്കാത്ത ഗാസയിലെ വംശഹത്യയെയും വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെയും ഇറാനിലെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ബോംബാക്രമണങ്ങളെയും ലെബനനിലെ ക്രൂരമായ സൈനിക നീക്കങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാർ അപലപിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയെല്ലാം മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലിന്റെ നടപടികളോടുള്ള പ്രധാനമന്ത്രിയുടെ മൗനം ഇന്ത്യയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. നെതന്യാഹുവിന്റെ ഭരണകൂടം ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസിൽനിന്നുപോലും നെതന്യാഹു പ്രതിഷേധം നേരിടുന്നുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പിന്തുണയെക്കുറിച്ചുള്ള നെതന്യാഹുവിന്റെ അവകാശവാദം തെറ്റാണെന്നും മാനവികതയ്ക്ക് എതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെ ഇന്ത്യൻ ജനത പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.