ഇസ്ലമാബാദിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കും: സൂചന നൽകി പാകിസ്താൻ

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: അടുത്തവർഷം ഇസ്ലമാബാദിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന സൂചന നൽകി പാകിസ്താൻ. സംഘടനയുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ക്ഷണം ലഭിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാർത്താസമ്മേളനത്തിനിടെയാണ് പാക് വിദേശകാര്യ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് എല്ലാ അംഗങ്ങളേയും ക്ഷണിക്കാനുള്ള ഔദ്യോഗിക ബാധ്യത തങ്ങൾക്കുണ്ട്. മാനദണ്ഡം അനുസരിച്ച് അത് നടത്തുമെന്നും വക്താവ് അറിയിച്ചു. 

ഓഗസ്റ്റ് ആദ്യം മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും പാക് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യവും വാർത്താസമ്മേളനത്തിലുണ്ടായി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ ഇതുവരെ ആവശ്യപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു പാക് വിദേശകാര്യ വക്താവിന്റെ പ്രതികരണം. 2027ലാണ് അടുത്ത ഷാങ്ഹായ് ഉച്ചകോടി നടക്കേണ്ടത്. മാസമോ തീയതിയോ പാകിസ്താൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചൈന, റഷ്യ, ഇന്ത്യ, പാകിസ്താൻ, കസ്ഖ്‌സ്താൻ, കിർഗിസ്താൻ, താജിക്ക്‌സ്താൻ, ഉസ്‌ബെക്കിസ്താൻ, ഇറാൻ, ബെലാറുസ് എന്നിങ്ങനെ പത്ത് രാജ്യങ്ങൾ അംഗങ്ങളായ അന്താരാഷ്ട്രകൂട്ടായ്മയാണിത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണത്തിനായാണ് യൂറേഷ്യൻ മേഖലയിലെ രാജ്യങ്ങൾ ചേർന്ന് ഈ കൂട്ടായ്മ രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ആതിഥേയത്വം ഇത്തവണ പാകിസ്താനാണ് വഹിക്കുന്നത്. സംഘടനയുടെ അധ്യക്ഷസ്ഥാനം ഓരോ അംഗരാജ്യങ്ങൾക്കും മാറിമാറി ലഭിക്കുന്ന രീതിയാണുള്ളത്.

2015 ഡിസംബറിലാണ് പ്രധാനമന്ത്രി മോദി ആദ്യമായും അവസാനമായും പാകിസ്താനിൽ സന്ദർശനം നടത്തിയത്. അഫ്ഗാനിസ്താനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു നവാസ് ഷെരീഫിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി മോദി ലാഹോറിൽ ഇറങ്ങിയത്. 

Share this story

Leave a Comment

Your comment will be visible after admin approval.