തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് എ.ഐ. മികവിന്റെ കേന്ദ്രങ്ങൾ വരും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യ എ.ഐ. മിഷൻ, ഐ.ബി.ഡി. എന്നിവയുമായി സഹകരിച്ചാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. കൊച്ചിയിലെ ഡിജിറ്റൽ ഹബ്ബിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ബയോ എ.ഐ.യിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ആദ്യ പദ്ധതി. തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പൊതു ഉദ്ദേശ്യത്തിലുള്ളതാണ് രണ്ടാമത്തെ പദ്ധതി. ഇന്ത്യ എ.ഐ. മിഷന്റെ സ്റ്റാർട്ടപ്പ് ഫിനാൻസിങ്ങിൽ ഉൾപ്പെടുത്തി പദ്ധതികൾക്കായി 20 കോടി രൂപവീതം ഭരണാനുമതി ലഭിച്ചു.
ഇന്ത്യ എ.ഐ. മിഷന്റെ സ്റ്റാർട്ടപ്പ് ഫിനാൻസിങ്ങിന് കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പിലാക്കുന്നതാണ് കൊച്ചിയിലെ പദ്ധതി. കുസാറ്റിലെ ‘തേജസ്വി’ സൂപ്പർ കംപ്യൂട്ടറും കേരള ജീനോം ഡേറ്റാ സെൻററും നൽകുന്ന ഇനവേഷൻ പ്ലാറ്റ്ഫോമിന് കീഴിൽ കേരളത്തിന്റെ പശ്ചിമഘട്ട ജൈവവൈവിധ്യത്തെയും ആയുർവേദ പൈതൃകത്തെയും അത്യാധുനിക ജീനോമിക്‌സിനെയും ഒരുമിച്ചു കൊണ്ടുവരുകയാണ് ലക്ഷ്യം. 48 ഡീപ്-ടെക് സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യാനും 600 ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബയോ ഇൻഫർമാറ്റിക്‌സിലും അനുബന്ധ മേഖലകളിലുമായി ഏകദേശം 1200 പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നു.
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടാമത്തെ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. 20 കോടി ചെലവിലാണ് പദ്ധതി. പ്രായോഗിക എ.ഐ. ഗവേഷണം, ഹാക്കത്തൺ, വർക്ക്ഷോപ്പ്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ മെൻറർഷിപ്പ്, ആക്‌സിലറേറ്റർ, ഫണ്ടിങ് ഫെസിലിറ്റേഷൻ, വാണിജ്യവത്‌കരണത്തിനായുള്ള വ്യവസായ സഹകരണം, മേഖലാ-നിർദിഷ്ട എ.ഐ. സൊല്യൂഷനുകളുടെ വികസനം എന്നിവ ഇതിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. പദ്ധതികളുടെ പ്രഖ്യാപനം ടെക്‌നോപാർക്കിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
Leave a Comment
Your comment will be visible after admin approval.