Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

വാഷിങ്ടൺ ഡി.സി: ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമ്മയിൽ ഒരു നിറഞ്ഞ അനുഭവമായി മാറി.

വിഷുക്കണി, വിഷുക്കൈനീട്ടം, സമൃദ്ധമായ പരമ്പരാഗത വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി .

ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കുതെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പാർവതി അഭിലാഷ് ദൈവദശകം മനോഹരമായി ആലപിച്ചു. ശ്രീ രാജേന്ദ്ര പ്രസാദ് വിഷു സന്ദേശവും ആശംസയും പങ്കുവച്ചു. ഗുരുദേവ പ്രാർത്ഥനകൾ പഠിക്കുന്നതിനായി ഈ വർഷം ആരംഭിച്ച “ഗുരുഗീതം” പ്രാർത്ഥന സംഘത്തിന്റെ സമൂഹ ഗാനാവതരണം പ്രത്യേക ശ്രദ്ധ നേടി.

സെക്രട്ടറി സജീവ് സദാനന്ദൻ സ്വാഗതപ്രസംഗവും ട്രഷറർ ശ്രീ അപ്പുക്കുട്ടി വേണുഗോപാലൻ നന്ദിപ്രസംഗവും നടത്തി. സിദ്ധാർഥ് പ്രേംജിത്, നിവേദിത കാട്ടുപറമ്പിൽ എന്നിവർ പരിപാടിയുടെ അവതാരകരായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ചു.

ഒരുമയും സന്തോഷവും കൂട്ടായ പരിശ്രമവും നിറഞ്ഞ ഇത്തരം നിമിഷങ്ങളാണ് നാം ഏറ്റവും വിലമതിക്കുന്നത് എന്ന് പ്രസിഡന്റ് സന്ദീപ് പണിക്കർ പറഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഉത്സവങ്ങളുമെല്ലാം കൊണ്ടുവന്ന് ഒരുമയുടെ ആത്മാവ് ശക്തിപ്പെടുത്തുന്നതിൽ SNMC പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കേരളീയരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ വിഷു സമൃദ്ധിയുടെയും പുതുവർഷത്തിന്റെ തുടക്കത്തിന്റെയും പ്രതീകമാണ്. വിഷുക്കണി കാണുന്നതും വിഷുക്കൈനീട്ടം നൽകുന്നതും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും സന്തോഷവും ഐക്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന സവിശേഷ ആചാരങ്ങളായി കരുതപ്പെടുന്നു.

ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഇത് മറക്കാനാവാത്ത വേറിട്ട അനുഭവമായി മാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments