പി പി ചെറിയാൻ
അറ്റ്‌ലാന്റ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം ‘സ്വർഗീയ നാദം’ സംഘടിപ്പിച്ച ‘സാധു കീർത്തനം’ ലൈവ് മ്യൂസിക് കൺസേർട്ട് ഭക്തിസാന്ദ്രമായി നടന്നു. ഇതോടൊപ്പം ‘സ്വർഗ്ഗീയ നാദം’ ആൽബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിർവഹിച്ചു.
സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ മുഖ്യാതിഥിയായിരുന്നു. ഉപദേശിയുടെ കാലാതീതമായ കീർത്തനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ഇന്റർനാഷണൽ പ്രെയർ ലൈൻ കോർഡിനേറ്റർ സി. വി. സാമുവേൽ ഉപദേശിയുടെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചു.

പി. വി. വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എബ്രഹാം മാത്യു സ്വാഗതം ആശംസിച്ചു. അനീഷ് ബെഞ്ചമിൻ പരിപാടികൾക്ക് നേതൃത്വം നൽകി.
പുതിയ വോള്യത്തിൽ റവ. സാം ലൂക്കോസ്, ഷീബ ലൂക്കോസ്, സണ്ണി പരവനേത്ത്, ബീന ഫിന്നി, ഇഷ വിനീഷ്, സിജി ആനന്ദ്, ഷൈൻ വർഗീസ്, ഡോ. ജോൺ മാത്യു, ക്രിസ്റ്റ സാറ സജി, സഖറിയ ജോൺ, ഡോ. മാത്യു വർഗീസ് തുടങ്ങി പ്രമുഖ ഗായകർ ആലപിച്ച 11 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സിസ്‌ലി സണ്ണി, ഡോ. മാത്യു വർഗീസ്, ഫിന്നി വർഗീസ് എന്നിവർ സാങ്കേതിക സഹായം നൽകി. അലക്സ് തോമസ് നന്ദിയും ജോർജ്ജ് വർഗീസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. ആത്മീയതയും സംഗീതവും ഒത്തുചേർന്ന ഈ വിരുന്ന് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.



