പി. പി. ചെറിയാൻ
വാഷിങ്ടൻ ഡിസി : ജോ ബൈഡനും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദീർഘകാലമായുള്ള വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ട്രംപിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. യുഎസ് ഹൗസിൽ ഭൂരിപക്ഷം നേടിയതോടെ ട്രഷറി ഡിപ്പാർട്ട്മെന്റിൽ നിന്നു കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു കത്തയച്ചു.
സംശയകരമായ സാഹചര്യത്തിൽ പണമിടപാടുകൾ ബൈഡനും കുടുംബവും നടത്തിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്കൻ കമ്മിറ്റി ഇതിനകം തന്നെ നിരവധി കത്തുകൾ അയച്ചിരുന്നു. ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെ കുറിച്ചു അമേരിക്കയിലെ പ്രധാന പത്രത്തിൽ വന്ന വാർത്തയെ കുറിച്ചു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട നിരവധി അഭിപ്രായങ്ങളെക്കുറിച്ചു ട്വിറ്ററിന്റെ നിരവധി മുൻ ജീവനക്കാർ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു കത്തുകൾ അയച്ചിരുന്നു. എന്നാൽ ബൈഡൻ അധികാരം ദുരുപയോഗം ചെയ്തു. ട്വിറ്ററിലെ റിപ്പോർട്ടുകൾ നീക്കം ചെയ്തുവെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകാൻ മോഹിക്കുന്ന ബൈഡനും രാഷ്ട്രീയമായി നേരിടുക എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്കൻ ആവശ്യത്തെക്കുറിച്ചു ട്രഷറി അഭിപ്രായം പറയുന്നതിനു വിസമ്മതിച്ചു.ഹണ്ടർ ബൈഡനെ കുറിച്ചു മാത്രമല്ല പ്രസിഡന്റ് ബൈഡന്റെ സഹോദരന്മാരിൽ ഒരാളായ ജെയിംസ് ബൈഡനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം.