മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവൻ എൽ ചോപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാൻ ലോപ്പസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 29 പേർ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ലോപ്പസിന്റെ അനുയായികളായ 19 പേരുമാണ് കൊല്ലപ്പെട്ടതെന്ന് മെക്സിക്കൻ അധികൃതർ അറിയിച്ചു.
അമേരിക്കയിൽ ജയിൽശിക്ഷ അനുഭവിക്കുന്ന എൽ ചോപ്പോ എന്നു വിളിക്കപ്പെടുന്ന ജൊവാക്കിം ഗുസ്മാന്റെ മകനാണ് ഒവിഡിയോ. എൽ ചോപ്പോയുടെ ‘സിനലോവ കാർട്ടൽ’ മാഫിയാ സംഘത്തിന്റെ ഒരു വിഭാഗത്തിനു നേതൃത്വം നല്കുന്നത് ഇയാളാണ്. ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്തു സംഘങ്ങളിലൊന്നാണിത്.
അമേരിക്കയുടെ സഹായത്തോടെ ആറു മാസം രഹസ്യനിരീക്ഷണം നടത്തിയ ശേഷമാണ് വ്യാഴാഴ്ച സിനലോവ സംസ്ഥാനത്തെ ചുലിയാചാൻ നഗരത്തിൽനിന്ന് ഒവിഡിയോയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻതന്നെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്കു മാറ്റി. അറസ്റ്റിൽ കുപിതരായ മാഫിയാസംഘം സിനിലോ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയായിരുന്നു.
വിമാനത്താവളങ്ങളിൽ നടന്ന ആക്രമണങ്ങളിൽ വ്യോമസേനാ, യാത്രാവിമാനങ്ങൾക്കു വെടിയേറ്റു. യാത്രാ വിമാനം പറന്നുയരാൻ തുടങ്ങിയപ്പോഴാണ് വെടിവയ്പുണ്ടായത്. യാത്രക്കാർ വെടിയേൽക്കാതിരിക്കാൻ സീറ്റിൽനിന്നു നിലത്തു കുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സിനലോവയിലെ മൂന്നു വിമാനത്താവളങ്ങളിലെ നൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
മെത്താംഫിറ്റമൈൻ എന്ന മാരക ലഹരിവസ്തു ഉത്പാദിപ്പിക്കുന്ന 11 ലാബുകൾ ഒവിഡിയോയും സഹോദരൻ ജൊവാക്വിമും ചേർന്നു സിനലോവയിൽ നടത്തുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു. മാസം 2,200 കിലോ വരെ ലഹരിമരുന്ന് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.