ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയ്ക്കാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
119 പേരുമായെത്തുന്ന വിമാനങ്ങള്‍ ശനിയാഴ്ച അമൃത്‌സറില്‍ ഇറങ്ങും. ഇത് രണ്ടാംവട്ടമാണ് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്‌സറില്‍ ഇറങ്ങുന്നത്. പഞ്ചാബ് സ്വദേശികളായ 67 പേര്‍, ഹരിയാണയില്‍നിന്ന് 33 പേര്‍, എട്ട് ഗുജറാത്ത് സ്വദേശികള്‍, മൂന്ന് യു,പി സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങില്‍നിന്ന് രണ്ടുപേര്‍ വീതം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് സ്വദേശികളായ ഓരോ പൗരന്മാരുമാണ് ഈ സംഘത്തിലെത്തുന്നത്. അതേസമയം ശനിയാഴ്ച ഇന്ത്യയിലെത്തുന്നത് സൈനിക വിമാനമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.