റോം: പരിശോധനകൾക്കും ശ്വാസതടസ്സത്തിനുള്ള ചികിത്സയ്ക്കുമായി ഫ്രാൻസിസ് മാർപാപ്പയെ ഗെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട മാർപാപ്പ ഇന്നലത്തെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയശേഷമാണ് ആശുപത്രിയിലേക്കു പോയത്. ഞായറാഴ്ച പൊതു കുർബാനയ്ക്കിടെ പ്രസംഗിക്കാൻ ബുദ്ധിമുട്ടിയ മാർപാപ്പ സഹായിയെക്കൊണ്ട് പ്രസംഗം വായിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിട്ടുള്ള മാർപാപ്പ (88) അടുത്ത കാലത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. സഞ്ചരിക്കാൻ വീൽചെയറും ഊന്നുവടിയും ഉപയോഗിക്കുന്ന അദ്ദേഹം 2 തവണ വീണ് പരുക്കേറ്റിരുന്നു.