അയ്യപ്പ നിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; നടപടികൾക്കായി കേരള/കേന്ദ്ര സർക്കാരുകൾക്ക് പരാതിയുൾപ്പടെ അയച്ചു

Global Indian Writer · August 31, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്: ജനകോടികളുടെ ആരാധനാ മൂർത്തിയായ ശ്രീ ശബരിമല ധർമ്മശാസ്താവിനെ കപട ദളിത് ചിന്തകൻ സണ്ണി കപിക്കാട് അധിക്ഷേപിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോർക്ക് ആസ്ഥാനമായുള്ള അയ്യപ്പസേവാ സംഘം പ്രമേയം പാസാക്കി. പരാതിയുൾപ്പടെ ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർക്ക് അയച്ചു കൊടുത്തു.

അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തിര യോഗത്തിൽ, സണ്ണി കപിക്കാടിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 299-ാം വകുപ്പനുസരിച്ച് (മറ്റുള്ള വകുപ്പുകളും പ്രസക്തമാണ്) കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് നിയമനടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി രഘുവരൻ നായർ നടപടിക്രമങ്ങൾ വിവരിച്ചുകൊണ്ട് സാമ്പത്തിക നേട്ടത്തിനുവേണ്ടി സണ്ണി കപിക്കാട് തുടർന്നു വരുന്ന കുത്സിത പ്രവർത്തികൾ വിശദീകരിച്ചു.

ക്രിസ്തുമതം സ്വീകരിച്ച ശേഷം എൽ.ഐ.സി.യുടെ ജോലി തരപ്പെടുത്തുവാൻ വീണ്ടും മതം മാറി ഹിന്ദുമതം സ്വീകരിക്കുകയും, അതിനുശേഷം തിരിച്ച് മതം മാറി ദളിത് ആക്ടിവിസ്റ്റ് ആയി “ജമാ അത്തെ ഇസ്ലാമിയുടെ” മീഡിയ വണ്ണിൽ കോളമിസ്റ്റായി ഹിന്ദു മത നിന്ദ നടത്തുന്നതു പതിവായി. ഇപ്പോൾ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് നിത്യ ബ്രഹ്മചാരിയായ ശ്രീ ധർമ്മശാസ്താവിനെ ബലാത്സംഗ വീരനായി മാളികപ്പുറത്തമ്മയുടെ നാമത്തിൽ അധിക്ഷേപിച്ചിരിക്കുകയാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറക്കുട പിടിച്ച് രക്ഷപ്പെടാൻ കഴിയാത്ത ക്രിമിനൽ കുറ്റമാണ്. നീതിയുക്തമായ അന്വേഷണം നടത്താൻ, ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന കുറ്റകൃത്യമായിട്ടു പോലും പോലീസ് നടപടിയുണ്ടാകുന്നില്ല. ദേവസ്വം ബോർഡോ ആഭ്യന്തര വകുപ്പോ നടപടി എടുക്കുന്നില്ല. ഖേദപ്രകടനമെന്നത് മാപ്പപേക്ഷയല്ല. അത്‌ കുറ്റാന്വേഷണത്തിന് തടസ്സവുമല്ല.

കേരളത്തിലെ പുതിയ സർക്കാരും അയ്യപ്പ നിന്ദക്ക് കൂട്ടു നിൽക്കുകയും ഹിന്ദുവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോയാൽ ആഗോളതലത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് അയ്യപ്പഭക്തർ കടക്കുവാൻ നിർബന്ധിതരാക്കുമെന്ന് യോഗത്തിൽ പങ്കെടുത്തു സംസാരിച്ച എൻ. എസ്. എസ്. ഓഫ് ഹഡ്സൺവാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, മുൻ പ്രസിഡന്റ് ജി.കെ. നായർ, മുരളീധരപ്പണിക്കർ, ജയപ്രകാശ് നായർ, അയ്യപ്പസേവാ സംഘം ട്രഷറർ കുന്നപ്പള്ളിൽ രാജഗോപാൽ എന്നിവർ മുന്നറിയിപ്പ് നൽകി ശക്തമായി പ്രതികരിച്ചു. പ്രമേയവും പരാതിയും ഐക്യകണ്ഠേന പാസാക്കി തുടർ നടപടികൾക്ക് ജനറൽ സെക്രട്ടറി രഘുവരൻ നായരെ ചുമതലപ്പെടുത്തി.

2026 ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക് കേരള സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സണ്ണി കപിക്കാടിന്റെ പേരിലുള്ള ക്രിമിനൽ നടപടികളുടെ പുരോഗതി വിലയിരുത്തിയശേഷം മാത്രം മതിയെന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Share this story

Leave a Comment

Your comment will be visible after admin approval.