അമേരിക്കയിലെ ആരാധനാലയങ്ങൾക്ക് മുന്നിൽ വിശ്വാസികൾ നേരിടുന്ന അതിക്രമങ്ങളും ഭീഷണികളും തടയുന്നതിനായി പുതിയ ഫെഡറൽ നിയമം വരുന്നു. ഡെമോക്രാറ്റിക് പ്രതിനിധി ടോം സുവോസിയും റിപ്പബ്ലിക്കൻ പ്രതിനിധി മാക്സ് മില്ലറും സംയുക്തമായാണ് ‘സേഫ്ഗാർഡിങ് ആക്സസ് ടു കോൺഗ്രിഗേഷൻസ് ആൻഡ് റിലീജിയസ് എസ്റ്റാബ്ലിഷ്മെന്റ്സ് ഫ്രം ഡിസ്റപ്ഷൻ’ (SACRED Act) എന്ന നിയമം അവതരിപ്പിച്ചത്.
നാസൗ കൗണ്ടിയിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഈ ബിൽ പുറത്തിറക്കിയത്. ജാതിമത ഭേദമന്യേ എല്ലാവർക്കും തങ്ങളുടെ വിശ്വാസം ഭയരഹിതമായി പിന്തുടരാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ആരാധനാലയങ്ങൾക്ക് മുന്നിൽ വെച്ച് വിശ്വാസികളെ ഉപദ്രവിക്കുന്നത് തടയാൻ പ്രത്യേക ഫെഡറൽ നിയമങ്ങളില്ല. ഈ വിടവ് നികത്താൻ പുതിയ നിയമം സഹായിക്കും.
ഒരു ആരാധനാലയത്തിന്റെ 100 അടി ചുറ്റളവിൽ ആരാധകരെ തടയുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഫെഡറൽ കുറ്റകൃത്യമാകും. ഈ 100 അടി ചുറ്റളവിനുള്ളിൽ, ഒരാളെ ശല്യം ചെയ്യാനോ ഭീഷണിപ്പെടുത്താനോ ലക്ഷ്യമിട്ട് 8 അടിക്ക് ഉള്ളിലേക്ക് അടുക്കുന്നത് നിരോധിക്കും. വിശ്വാസികളെ മനപൂർവം തടസ്സപ്പെടുത്തുന്നവർക്കും അധിക്ഷേപിക്കുന്നവർക്കും കർശനമായ ഫെഡറൽ പിഴകളും ശിക്ഷകളും ലഭിക്കും.
സിനഗോഗുകൾ, പള്ളികൾ, മോസ്കുകൾ, ഹിന്ദു മന്ദിരങ്ങൾ, സിഖ് ഗുരുദ്വാരകൾ എന്നിവക്ക് മുന്നിൽ സമീപകാലത്തായി വലിയ തോതിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആന്റി-ഡീഫമേഷൻ ലീഗിന്റെ (ADL) കണക്കുപ്രകാരം 2024ൽ മാത്രം 9,300ലധികം വിദ്വേഷ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കൻ ജൂതന്മാരിൽ 55 ശതമാനവും ഭയം കാരണം തങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടുകളുണ്ട്.



