Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്യാന്‍സര്‍ രോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി

ക്യാന്‍സര്‍ രോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി

ഡല്‍ഹി: അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയായ ക്യാന്‍സര്‍ രോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. തന്‍റെ ഹാൻഡ് ബാഗ് ഓവർഹെഡ് ക്യാബിനിൽ സൂക്ഷിക്കാൻ ഒരു ഫ്ലൈറ്റ് അറ്റൻഡന്‍ററിനോട് സഹായം തേടിയതിനെ തുടർന്നാണ് അമേരിക്കൻ എയർലൈൻസിന്‍റെ ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഡല്‍ഹി വിമാനത്താവളത്തിലാണ് യാത്രക്കാരിയെ വിട്ടത്.

ജനുവരി 30നാണ് സംഭവം. മീനാക്ഷി സെൻഗുപ്തയാണ് പരാതിക്കാരി. ശസ്ത്രക്രിയയെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് തൊട്ടുമുകളിലുള്ള ക്യാബിനില്‍ 5 പൗണ്ടിൽ കൂടുതൽ ഭാരമുള്ള തന്‍റെ ഹാന്‍ഡ്ബാഗ് വയ്ക്കാന്‍ വിമാന ജീവനക്കാരിയുടെ സഹായം തേടിയതായും എന്നാല്‍ സഹായിക്കുന്നതിനു പകരം അവര്‍ പരുഷമായി പെരുമാറിയെന്നും മീനാക്ഷിയുടെ പരാതിയില്‍ പറയുന്നു. നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വീല്‍ ചെയറും ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യവും വിമാന ജീവനക്കാര്‍ നിരസിച്ചു. ഡൽഹി പൊലീസിനും സിവിൽ എയറിനുമാണ് പരാതി നല്‍കിയത്. ഗ്രൗണ്ട് സ്റ്റാഫ് വളരെയധികം പിന്തുണ നൽകിയെന്നും വിമാനത്തിൽ കയറാനും തന്‍റെ ഹാൻഡ്‌ബാഗ് സീറ്റിന്‍റെ വശത്ത് വയ്ക്കാനും സഹായിച്ചുവെന്നും മീനാക്ഷി പറഞ്ഞു.

ഫ്ലൈറ്റിനുള്ളിൽ എയർ ഹോസ്റ്റസുമായി സംസാരിക്കുകയും തന്‍റെ ആരോഗ്യസ്ഥിതി അവരോട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരും സഹായിച്ചില്ല. വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തു.ആ സമയം ഒരു എയർ ഹോസ്റ്റസ് തന്‍റെ ഹാൻഡ് ബാഗ് ഓവർഹെഡ് കമ്പാർട്ട്മെന്റിൽ വയ്ക്കാന്‍ ആവശ്യപ്പെട്ടു. താന്‍ അവരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അതു തന്‍റെ ജോലിയല്ലെന്നായിരുന്നു എയര്‍ഹോസ്റ്റസിന്‍റെ മറുപടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അഭ്യർഥന പരുഷമായി നിരസിക്കുകയും അത് സ്വന്തമായി ചെയ്യാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തതായി മീനാക്ഷി പറഞ്ഞു. ”അവരുടെ വാക്കുകള്‍ അങ്ങേയറ്റം പരുഷമായതും അഹങ്കാരം നിറഞ്ഞതുമായിരുന്നു. വിമാനത്തിലെ മറ്റു യാത്രക്കാര്‍ നിസ്സഹായരായിരുന്നു. സംഭവത്തില്‍ തങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ തുറന്നുപറഞ്ഞതായും മീനാക്ഷി ആരോപിച്ചു.

സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡല്‍ഹി വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ റെഗുലേറ്റർ- ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കേസ് ഏറ്റെടുക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ അമേരിക്കൻ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments