ബീജിങ്: ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നാലെ യുഎസിലെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. പുറത്തിറക്കിയിട്ട് ഒരാഴ്ച മാത്രം ആയിട്ടുള്ള ഡീപ്സീക് ആപ്പ്, OpenAI യുടെ ChatGPT ഉള്‍പ്പെടെയുള്ള എതിരാളികളെ പിന്തള്ളി യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്ലിക്കേഷനായി മാറിയിരുന്നു. ഡീപ്സീക്കിന്റെ ഈ മുന്നേറ്റത്തോടെ AI ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുള്‍പ്പെടെയുള്ള യുഎസ് ടെക് ഭീമന്‍മാരുടെയെല്ലാം ഓഹരികള്‍ ഇടിഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന്റെ ഭാവിയും യുഎസ് സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വന്‍നിക്ഷേപങ്ങള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പില്‍നിന്നുണ്ടായിരിക്കുന്നത്. ഓപ്പണ്‍ എഐ അടക്കമുള്ള എതിരാളികള്‍ മുടക്കിയതിനേക്കാള്‍ കുറഞ്ഞ നിക്ഷേപത്തിലാണ് ഡീപ്സീക്കിന്റെ ഈ വളര്‍ച്ചയെന്നതും അതിശയിപ്പിക്കുന്നതാണ്.
ഡീപ്സീക്-V3 മോഡല്‍ ഏകദേശം 6 മില്യണ്‍ ഡോളറിന് വികസിപ്പിച്ചതാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റായ വാദമാണെന്നാണ് അമേരിക്കന്‍ കമ്പനികള്‍ പറയുന്നത്. AIയെ ശക്തിപ്പെടുത്തുന്ന നൂതന ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വില്‍ക്കുന്നതില്‍നിന്ന് കമ്പനികള്‍ക്ക് യുഎസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ഡീപ്സീക്കിന്റെ ആവിര്‍ഭാവം.
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്സീക്കിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്സീക്.