Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കേരളം ആത്മഹത്യാ മുനമ്പോ…?', ജെയിംസ് കൂടൽ എഴുതുന്നു

‘കേരളം ആത്മഹത്യാ മുനമ്പോ…?’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

മലയാളികൾ ആത്മഹത്യാ മുനമ്പിലോ ?…ജീവിക്കാൻ ഗതിയില്ലാതെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജീവനൊടുക്കിയ രണ്ടു ഗൃഹനാഥൻമാരുടെ ചിത്രങ്ങളുമായാണ് വാർത്തകൾ നമുക്ക് മുന്നിൽ എത്തിയത്. ആലപ്പുഴയിൽ കർഷകൻ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചപ്പോൾ പത്തനംതിട്ട ഓമല്ലൂരിൽ ലോട്ടറി തൊഴിലാളി അഗ്നിക്കിരയാകുകയായിരുന്നു. രണ്ടിടത്തും കടവും ജീവിതമെങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയും ജീവനാശത്തിന് കാരണമായി. മലയാളിക്ക് ഇത് എന്തുപറ്റിയെന്ന ചോദ്യം ഉന്നയിക്കുന്നതിന് മുമ്പ് ചില യാഥാർത്ഥ്യങ്ങൾ അറിയണം.

നാലുലക്ഷം കോടി കടബാദ്ധ്യതയുള്ള സംസ്ഥാനത്ത് ജനജീവിതം ദുസഹമായില്ലെങ്കിലെ അതിശയമുള്ളൂ. വാരിക്കോരി ചെലവിട്ട് അടിത്തറ മാന്തുമ്പോൾ അതിന്റെ ശീതളിമയിൽ അറിയില്ല വരുംകാലത്തിന്റെ ദുരിതം. വരവിലേറെ ചെലവുമാകുമ്പോൾ നടുവൊടിയുമെന്ന കാര്യത്തിൽ സംശയമില്ല. അഴിമതിയും ധൂർത്തും അതിരുവിടുമ്പോൾ ദാരിദ്രം സടകുടഞ്ഞെഴുന്നേൽക്കും. കേരളത്തിൽ സംഭവിക്കുന്നതും അത് തന്നെയാണ്. ലോക കേരള സഭയെന്ന മാമാങ്കത്തിന് പിന്നാലെയാണ് കേരളീയം എന്ന നാടകം അരങ്ങേറിയത്. കോടികൾ വെളിച്ചമായും തീറ്റയായും ആവിയായത് മിച്ചം. ഒരാഴ്ച തലസ്ഥാനം ഉറക്കമിളച്ചുകൊണ്ട് എന്തുനേട്ടമുണ്ടായി എന്നുചോദിച്ചാൽ കടം കൂടിയെന്നും സെക്രട്ടേറിയേറ്റ് ഉൾപ്പെടെ നിശ്ചലമായെന്നും മാത്രമാകും ഉത്തരം. സാധാരണക്കാരന്റെ ജീവിതത്തിന് മേൽ കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കഴിഞ്ഞ കുറെനാളുകളായി ഭരണനേതൃത്വത്തുനിന്ന് ഉണ്ടാകുന്നത്.

സർവമേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയും കൊടികുത്തി വാഴുമ്പോൾ സാധാരണജനം പിച്ചച്ചട്ടി എടുക്കേണ്ടിവരും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതുമുതൽ പ്രതിസന്ധി നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് ജനം കാണുകയാണ്. അതിപ്പോൾ പെൻഷൻ കുടിശികയിലും ദാരിദ്രത്തിലും വരെ എത്തിനിൽക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിമാന പദ്ധതിയായി തുടങ്ങിയ കാരുണ്യ ചികിത്സാ പദ്ധതിക്ക് തുരങ്കംവച്ചവർ ആതുരാലയങ്ങളെ മരണപേടകങ്ങളാക്കി മാറ്റി. ആശുപത്രികളിൽ അവശ്യംവേണ്ട മരുന്നുകൾ ഇല്ലാത്ത അവസ്ഥ. ചികിത്സാ ഉപകരണങ്ങളുടെ കുറവ്. സാധാരണക്കാരന് സൗജന്യ ചികിത്സയെന്ന അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. ക്ഷേമ പെൻഷനുകൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. സപ്ളെകോ സൂപ്പർ മാർക്കറ്റുകളിൽ ഒഴിഞ്ഞ റാക്കുകൾ മാത്രം. സബ്സിഡി സാധനങ്ങൾ ഒന്നുപോലും കിട്ടാത്ത അവസ്ഥ. ജനകീയ ഹോട്ടലുകളിൽ അടുപ്പുകൾ അണഞ്ഞു. ഹോട്ടൽ നടത്തിപ്പിന് സബ് സിഡി ഇനത്തിൽ ലഭിക്കാനുള്ള കോടികൾ എന്നുകിട്ടുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. സർക്കാരിന്റെ ക്ഷേമപദ്ധതി വീട്ടമ്മമാരെ കടക്കെണിയിലാക്കി. സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭിക്കുന്നില്ല. അഥവാ ലഭിച്ചാലും ലോൺ ആയി നൽകുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് തുടരുന്നത്.

സർവനിരക്കുകളിലും വർദ്ധനയാണ് ഇനിയുള്ള ലക്ഷ്യം. വൈദ്യുതി ചാർജ് വർദ്ധന അതിന്റെ തുടക്കമെന്ന് വേണം കരുതാൻ. പെട്രോളിനും ഡീസിലിനും അധിക സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ നൽകാനാണെന്ന് വീമ്പിളക്കിയവർ ഇപ്പോൾ മൗനം പാലിക്കുകയാണ്. ഒപ്പം ഒരിക്കലും കിട്ടാത്ത കേന്ദ്രവിഹിതം കൂടിയാകുമ്പോൾ ജനം തൂക്കുകയർ എടുത്തില്ലങ്കിലെ അതിശയമുള്ളു. അതിഥി സത്കാരത്തിനും ആഡംബരത്തിനുമായി രണ്ടരക്കോടി അധികം വേണമെന്ന് പറയുന്ന ഗവർണറും കേരള ജനതയ്ക്ക് ബാദ്ധ്യതണ്. ജീവിതഭാരമേറുമ്പോൾ, അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ സാധാരണ ജനം സ്വയം പഴിക്കുന്നു. ഭാരം താങ്ങാനാകാതെ അവൻ സ്വയം ഇല്ലാതാകാൻ നിർബദ്ധിക്കപ്പെടുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments