പുലി വരുന്നേ എന്ന് ആദ്യമായി ഒന്ന് പറയാൻ തുടങ്ങുമ്പോഴേക്കും പുലി എത്തി, ആക്രമിച്ച് കീഴടക്കിക്കഴിയുന്ന പ്രതീതിയാണിപ്പോൾ ലഹരി മരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കാണുമ്പോൾ. മിക്കതിലും യുവാക്കളുടെയും വനിതകളുടെയും സാന്നിധ്യം പ്രതികളായും ഉപഭോക്താക്കളായും ഏറെയുണ്ടാവുന്നത് അങ്ങേയറ്റം ആശങ്കാജനകമാണുതാനും. പിടിയിലായ സ്ത്രീകളിൽ പലരും ലഹരിമരുന്നിന് അടിമകളാണ്. വാഹനത്തിൽ കുടുംബയാത്രയെന്ന പേരിൽ ലഹരികടത്തിനും ഇവരെ ഉപയോഗിക്കുന്നുണ്ട്.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി സമ്മർദ്ദം കുറയ്ക്കാൻ എന്ന പേരിൽ കൊച്ചിയിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് വില്പനയിൽ പിടിക്കപ്പെട്ട യുവതികളടക്കം സാമൂഹ്യമായി ഭേദപ്പെട്ട ചുറ്റുപാടിലുള്ളവരാണ്. ഉന്നത ഐടി ഉ ദ്യോഗസ്ഥ ഉൾപ്പെടെയുള്ള സംഘമാണു പിടിയിലായത്.

അമിത ജോലിയുടെ സമ്മർദം കുറയ്ക്കാനായി പതിവായി ഫ്‌ലാറ്റിലെത്തി ലഹരി വിരുന്നിൽ പങ്കെടുക്കാറുണ്ടായിരുന്നെന്നാണു മൊഴി. ഇവരെ ദിവസങ്ങളായി ഡാൻസാഫ് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അർധരാത്രിയിൽ റെയ്ഡിനെത്തുമ്പോൾ പലരും അർധ ബോധാവസ്ഥയിലായിരുന്നു. ഉച്ചയോടെയാണ് ഇവരിൽനിന്നു മൊഴിയെടുക്കാനായത്.
ലഹരി റാക്കറ്റുകളുടെ പണമിടപാടിൽ നിരപരാധികളും കുരുക്കിലാവുകയാണ്. ലഹരിമരുന്നു വിൽപനയുടെ മറവിൽ പെൺവാണിഭം നടക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്നവരാണ് പെൺവാണിഭത്തിന് നേതൃത്വം നൽകുന്നത്. ആപ് വഴി ഇവിടുത്തെ ഹോട്ടലിലും റിസോർട്ടിലും ബുക്കുചെയ്യുന്ന മുറികളിലായിരിക്കും സ്ത്രീകളെ എത്തിക്കുക. സ്ഥാപനങ്ങളിലെ റൂംബോയ്മാരാണ് ഈ പെൺവാണിഭത്തിന്റെ ഇടനിലക്കാരെന്നും അന്വേഷണസംഘം പറയുന്നു. ലഹരിമരുന്നു വാങ്ങാനെത്തുന്നവർക്കു വേണ്ടിയാണ് സ്ത്രീകളെ കൂടുതലും എത്തിക്കുന്നത്. അതിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് എംഡിഎംഎയുടെ വില നിശ്ചയിക്കുക.
പരിചയക്കാരും സുഹൃത്തുക്കളും മുതൽ ആദ്യമായി കണ്ടുമുട്ടുന്നവരുടെ പോലും അക്കൗണ്ടുകൾ തന്ത്രപരമായി ഉപയോഗിച്ചാണ് ലഹരിമരുന്നിന്റെ വിലയും വിൽപനക്കാർക്കുള്ള വിഹിതവും സംഘങ്ങൾ നൽകുന്നത്.

സൗഹൃദത്തിന്റെ പേരിലും സഹതാപം തോന്നിയും അക്കൗണ്ട് നമ്പർ ഉപയോഗിക്കാൻ നൽകുന്നവർ പിന്നീട് കേസിൽ പ്രതികളാകുന്ന സാഹചര്യമാണുളളത്. ഇത്തരത്തിലുളള ചില അക്കൗണ്ട് ഉടമകൾ പിന്നീട് ലഹരിമരുന്ന് വിൽപനക്കാരായി മാറിയതായും എക്‌സൈസ് െ്രെകംബ്രാഞ്ചും എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) അധികൃതരും പറയുന്നു. ലഹരിമരുന്നു നിരോധനനിയമനുസരിച്ച്, ലഹരി വാങ്ങാൻ പണം നൽകി സഹായിക്കുന്നവർക്ക് കുറഞ്ഞത് 20 വർഷം കഠിനതടവാണ് ശിക്ഷ.
മറ്റൊരു കേസ്സിൽ പിടിയിലായ ടീച്ചർ എന്ന പേരിൽ അറിയപ്പെടുന്നവരാകട്ടെ ഏറെ നാൾ സ്‌കൂൾ അധ്യാപികയായിരുന്നവരാണ്. കൊച്ചി സ്വദേശിയായ ഇവർ കോട്ടയത്തുകാരനായ ഭർത്താവുമായി പിണങ്ങിയതിനു ശേഷം ഓൺലൈൻ പരിശീലനപരിപാടിയുമായി നടക്കുന്നതിനിടെയാണു ലഹരിസംഘത്തിനൊപ്പമെത്തിയത്.
തുടർച്ചയായി നടക്കുന്ന ലഹരിവേട്ടകളിൽ പിടിയിലാകുന്നത് ഏറെയും ലഹരി വിൽപനയുടെ താഴെക്കണ്ണിയിൽ ഉള്ളവരാണ്. പിടിയിലാകുന്നവർക്കു പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട് എന്നാണു വിലയിരുത്തൽ. മറ്റു രാജ്യങ്ങളിൽനിന്നു ചെന്നൈയിലും മറ്റും എത്തിക്കുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വലിയ അളവിൽ നഗരപരിധിയിൽ വിൽക്കുന്നുണ്ട്. ഇതിൽ ചെറിയൊരു അംശം മാത്രമാണു പിടികൂടുന്നത്. അതുകൊണ്ടുതന്നെ ശക്തമായ കണ്ണി പുറത്തു പ്രവർത്തിക്കുന്നുണ്ടെന്നാണു കരുതുന്നത്.
ദിനംപ്രതി കേരളത്തിൽതന്നെ ഇത്തരം അനേകം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് പോലെയുള്ള ഇന്ത്യ മുഴുവനും അലയൊലി സൃഷ്ടിക്കുന്ന വാർത്തകളും പുറത്തുവരുന്നത്.
ഗോവയിലേക്കു ഉല്ലാസ യാത്രപോയ ആഡംബര കപ്പലിൽനിന്ന് രായ്ക്കുരാമാനം ആര്യന്റെ സുഹൃത്തുക്കളടക്കം എട്ടുപേരെ തൂക്കിയെടുത്തുകൊണ്ടുപോയിരിക്കുന്നത് സാക്ഷാൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ്. സെലിബ്രിറ്റികളുടെയും അതിസന്പന്നരുടെയും മക്കളടക്കം യുവതലമുറയിലെ വലിയൊരു വിഭാഗം ഇന്നു മയക്കുമരുന്നിന് അടിമകളാണ്. അന്താരാഷ്ട്രതലത്തിൽ കണ്ണികളുള്ള വലിയൊരു ബിസിനസാണ് ഇന്നു മയക്കുമരുന്നുവ്യാപാരം. ഭീകരപ്രവർത്തനത്തിനുള്ള ഒരു മാർഗമായും വരുമാനസ്രോതസായും അതു മാറി എന്നിടത്താണ് കൂടുതൽ അപകടം. മുംബൈയും ബംഗളൂരുവും പോലുള്ള വൻനഗരങ്ങളും കേരളവും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളും മയക്കുമരുന്നു മാഫിയയുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
രണ്ടാഴ്ചമുന്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി.ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാനിലെ ബന്ദർഅബ്ബാസ് തുറമുഖം വഴി രണ്ടു കണ്ടയ്‌നറുകളിലായാണ് ഈ മയക്കുമരുന്ന് എത്തിച്ചത്. ഭീകര സംഘടനകളായ ഇസ്ലാമിക് സ്‌റ്റേറ്റിനും താലിബാനും പണം കണ്ടെത്താനാണ് ലഹരിമരുന്ന് അയച്ചതെന്നാണു നിഗമനം. ജൂലൈ മുപ്പതിനു ഗുജറാത്ത് തീരത്തുനിന്നു തന്നെ 1,500 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു.
ലഹരി മരുന്ന് മാഫിയയെ പോലീസ് പോലും പേടിക്കുന്നുണ്ട് എന്നതാണ് വസ്തുത. കാരണം, കൊച്ചി നഗരപരിധിയിൽ ഉയർന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉേദ്യാഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉേദ്യാഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശമാണു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്‌റെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്. ലഹരിവേട്ടയ്ക്കു മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ലഹരി മാഫിയാസംഘം ലക്ഷ്യമിടാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. ലഹരി പിടികൂടൽ സംബന്ധിച്ച ഔദ്യോഗിക വാർത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വരുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി.
ഭീതിപ്പെടുത്തുംവിധമാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ വർധിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ അടിമയാകുന്ന മാരകശേഷിയുള്ള ഈ ലഹരിമരുന്നിനെതിരെയുളള ശക്തമായ പോരാട്ടത്തിലാണ് സംസ്ഥാന എക്‌സൈസും പൊലീസും. കോവിഡ് വ്യാപനത്തോടെ വരുമാന മാർഗത്തിനായി ഇടപാടിൽവന്നുപെട്ട ചില യുവാക്കളും പിന്നീട് ഇതിന് അടിമകളായി ജീവിതം തകർന്ന അവസ്ഥയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനിടെ, ഇനിയിപ്പോൾ എൻസിബിക്കാർ കൊണ്ടുപോയ ആര്യനെയും മൂൺമൂൺ ധമേച്ഛ എന്ന സുന്ദരിയടക്കം സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമ്പോൾ വീണുകിട്ടിയേക്കാവുന്ന വിവരത്തുണ്ടുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പലരും. അതുവഴി വലയിലായേക്കാവുന്ന വമ്പൻ റാക്കറ്റുകൾക്ക് ഇപ്പോഴേ ഉൾക്കിടിലം തുടങ്ങിക്കാണും. കാത്തിരുന്നു കാണാം.
വാൽക്കഷണം
‘നാർക്കോട്ടിക് ഈസ് എ ഡർട്ടി ബിസിനസ്’ എന്ന ഹിറ്റ് സിനിമ ഡയലോഗ് പോലെ ‘നാർക്കോട്ടിക് ഈസ് എ ഡർട്ടി ന്യൂസും’ ആയിരിക്കുകയാണിപ്പോൾ.