ജെയിംസ് കൂടൽ

നൂറടിയ്ക്കാന്‍ ഇറങ്ങിയ ഇടതുമുന്നണി. റണ്‍ ഔട്ടാവാതിരിക്കാന്‍ പാടുപെടുന്ന യുഡിഎഫ്. ഇതിനിടയില്‍ സിംഗിളടിക്കാന്‍ എന്‍ഡിഎ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ആകെ ബഹളമയമാണ്. ഇതിനിടയില്‍ കേരള രാഷ്ട്രീയത്തിലെ തന്നെ പുതിയ ചരിത്രസംഭവവികാസങ്ങളും. യുഡിഎഫിന് വളക്കൂറുള്ള മണ്ണില്‍ വിജയം അത്ര എളുപ്പമല്ലെന്ന് ഉത്തമ ബോധ്യം സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ പതിനെട്ടും കഴിഞ്ഞുള്ള അടവുകള്‍ തേടിപിടിക്കുകയാണ് ഇടതുമുന്നണി നേതാക്കള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അത് വ്യക്തവുമാണ്. അവസരവാദ രാഷ്ട്രീയം കളിച്ചതുകൊണ്ടു മാത്രമാണല്ലോ ഡോ. ജോ ജോസഫിന് നറുക്കുവീണതും. മുന്‍പ് ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ പേര് വീണതും അങ്ങനെ തന്നെ. ഇത്തരത്തില്‍ മുന്‍നിര നേതാക്കളേയും പ്രവര്‍ത്തകരേയും നിരാശരാക്കി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കുന്ന സിപിഎം ശൈലി ഇവിടേയും പിന്തുടരുന്നു. ഇടത് സ്ഥാനാര്‍ത്ഥി താനൊരു പാര്‍ട്ടി അംഗമാണെന്ന് വലിയ വായില്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല ആരോഗ്യരംഗമായിരുന്നു. പൊതുപ്രവര്‍ത്തനം ജീവിതവ്രതമാക്കിയ എത്രയോ ചെറുപ്പക്കാരെ മാറ്റി നിര്‍ത്തിയാണ് ഡോക്ടറുടെ പേരുവീണത്.

വിപ്ലവവും സമത്വവുമൊക്കെ മുദ്രാവാക്യമാക്കിയ സിപിഎം തൃക്കാക്കരയില്‍ അതൊക്കെ മറന്നു. പി.ടി. തോമസ് തൃക്കാക്കരയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സിപിഎമ്മിനുവേണ്ടി ശബ്ദമുയര്‍ത്തിയ ചെറുപ്പക്കാരേയും മറന്നു. വിജയിച്ചു നില്‍ക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന സിപിഎമ്മിന് എന്തുകൊണ്ടാകും ഇങ്ങനെയൊരു പുതുമുഖത്തിനെ രംഗത്ത് ഇറക്കേണ്ടി വന്നത്? ജനകീയനും പാര്‍ട്ടി പ്രവര്‍ത്തകനും എന്ന് പറയുമ്പോഴും സിപിഎം പരിഗണിച്ചത് ജാതിസമവാക്യങ്ങള്‍ മാത്രമായിരുന്നു. സഭയുടെ സ്ഥാനാര്‍ഥി അല്ലെന്ന് സിപിഎം നേതാക്കള്‍ മാറി മാറി പറയുമ്പോഴും അടിത്തട്ടിലെ രഹസ്യനീക്കങ്ങള്‍ മതം മാത്രം ലക്ഷ്യംവെച്ചുകൊണ്ടാണ്.
അധികാരത്തിന്റെ ലഹരിയില്‍ രാഷ്ട്രീയത്തിനുതന്നെ അപമാനമായ വ്യക്തിത്വമാണ് കെ.വി. തോമസ്. എന്നിട്ടും അദ്ദേഹത്തെപ്പോലൊരു മാലിന്യത്തെ സിപിഎം പോലൊരു പ്രസ്ഥാനം ചുമക്കുന്നത് എന്തുകൊണ്ടാകും? ഇത്തരം നേതാക്കളെ ഒറ്റപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താന്‍ കോണ്‍ഗ്രസുകാരനാണെന്നു പറയുകയും ആ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നേതാവിനെ എങ്ങനെയാണ് വിശ്വസിക്കുവാന്‍ കഴിയുക? അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് അഹങ്കാരത്തിന്റെ ഖദര്‍ അണിഞ്ഞ കെ. വി. തോമസിനെ എങ്ങനെയാണ് രാഷ്ട്രീയ മര്യാദ പഠിപ്പിക്കുവാന്‍ കഴിയുക.? കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തില്‍ നിന്ന് എല്ലാ നേട്ടങ്ങളും കൈവന്നിട്ടും കെ. വി. തോമസിന് ആര്‍ത്തി അടങ്ങിയിട്ടില്ല. ശിഷ്ടകാലത്ത് എല്‍ഡിഎഫില്‍ നിന്നു കിട്ടുന്ന എച്ചില്‍ കഷ്ണങ്ങളിലാണ് നോട്ടം. പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പറയുന്ന, അച്ചടക്കം ലവലേശമില്ലാത്ത കെ.വി. തോമസ് എങ്ങനെയാണ് ഇനി കോണ്‍ഗ്രസുകാരനാവുക?
കെ. വി. തോമസിന്റെ രാഷ്ട്രീയ നിലപാടുകളൊക്കെയും മായം ചേര്‍ത്തതാണ്. സിപിഎം അതൊക്കെ തിരിച്ചറിഞ്ഞിട്ടും ചേര്‍ത്തു നിര്‍ത്തുന്നത് രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഭാഗം മാത്രമാണ്. എന്തായാലും കോണ്‍ഗ്രസിനോളം പഴക്കമൊന്നും കെ. വി. തോമസിനില്ലല്ലോ. സിന്ദാബാദ് വിളിച്ച അണികളെക്കൊണ്ടു തന്നെ അസഭ്യവും വിളിപ്പിക്കുന്ന കെ. വി. തോമസ് രാഷ്ട്രീയ കോമാളി തന്നെയാണ്. കാലം കെ. വി. തോമസിനെ ഓര്‍ക്കുന്നതും അങ്ങനെ തന്നെയാകും. വിവേചനവും തിരിച്ചറിവും ഇല്ലാത്ത നേതാവായി…