ജെയിംസ് കൂടൽ

ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന് ശ്രീനാരായണഗുരു അരുൾ ചെയ്ത കേരളത്തിലാണ് ഇന്ന് മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയും മുദ്രവാക്യങ്ങൾ മുഴക്കിയും ചിലർ അശാന്തി വിതയ്ക്കുന്നത്. ഹിന്ദു, മുസ്ളീം സൗഹാർദ അന്തരീക്ഷത്തെ തകർക്കുന്ന വിധം നടത്തിയ പരാമർശങ്ങൾക്ക് പിന്നിലെ അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആരുതന്നെയായലും ഇതിന് പിന്നിലെ ചേതോവികാരം നാടിന്റെ മതസൗഹാർദത്തെ മലിനപ്പെടുത്തുമെന്ന കാര്യത്തിൽ യാതൊരു അർത്ഥശങ്കയും വേണ്ട. കഴിഞ്ഞ മേയ് 21ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു ബാലൻ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ തരത്തിൽ നടത്തിയ മുദ്രാവാക്യം വിളിയാണ് നാടിന്റെ തന്നെ സമാധാനം തകർത്തത്. കുന്തിരിക്കം പുകച്ചോളാനും അവലും മലരും കരുതിക്കോളാനും മൂത്രത്തിന്റെ മഞ്ഞളിപ്പ് മാറാത്ത ഒരുവൻ പറയുമ്പോൾ ഇൗ നാട്ടിലെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാൻ ആരൊക്കെയോ ശ്രമം നടത്തുന്നതിന്റെ ഒരു ധ്വനി മുഴങ്ങുന്നുണ്ട്. പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടവന്റെ തോളിലിരുന്നു രാജ്യവിരുദ്ധത നീട്ടിക്കൂവുമ്പോൾ അവിടെ കൂടിയിരിക്കുന്നവരിൽ ആരും തന്നെ വിലക്കാനും ശ്രമിക്കുന്നില്ല. പകരം ബുദ്ധി ഉറക്കാത്തവന്റെ മനോഗതിക്ക് അനുസരിച്ച് പിന്നണി പാടുകയായിരുന്നു അവർ. സംഭവം നാടറിഞ്ഞതോടെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. മുദ്രവാക്യം ഏറ്റുവിളിച്ചവരും ചുമലിലേന്തിയവരും കസ്റ്റഡിയിലായി.

അപ്പോഴും കുട്ടിയെ ന്യായികരിക്കുന്ന പിതാവിനെയും നാം കണ്ടു. കുട്ടി വിളിച്ചതിൽ എന്തു തെറ്റാണ് ഉള്ളതെന്നാണ് ആ പിതാവ് ചോദിക്കുന്നത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആപിതാവിന്റെ വാക്കുകളിലൂടെ ഒരിക്കൽ കൂടി ലോകം മനസിലാക്കി. രാജ്യത്തെ നിയമവും നിയമസംവിധാനങ്ങളും എന്താണെന്ന് അറിയാതെ വർഗീയതയും തീവ്രവാദവും ദിനചര്യയാക്കിയ ഒരു തലമുറ ഇവിടെ വളർന്നുവരുന്നത് നാടിന് ആപത്താണ്. മതവിദ്വേഷവും അസഹിഷ്ണതയും വളർത്തുന്നതാകരുത് നമ്മുടെ മതപഠനം. മത പഠനത്തിലൂടെ രാജ്യദ്രോഹികളെ സൃഷ്ടിക്കുകയുമരുത്. വർഗീയ വിദ്വേഷം വിളിച്ചുകൂവിയ ബാലൻ നാളെ ശരിതെറ്റുകൾ തിരിച്ചറിഞ്ഞു ജീവിച്ചേക്കാം. എന്നാൽ അവൻ പുലമ്പിയ വാക്കുകൾ എത്രയോ പേരെ മത പ്രീണനത്തിലേക്ക് ആകർഷിച്ചേക്കാം. എന്തുതന്നെയായലും നാളെയുടെ തലമുറയ്ക്ക് തിരിച്ചറിവുകൾ ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ വീടകങ്ങളിൽ നിന്ന് തന്നെ സ്വാതന്ത്ര്യത്തിന്റെ ഏകതയുടെ ചിന്തകൾ അവരിലേക്ക് പടരണം.
പോപ്പുലർ ഫ്രണ്ട് റാലിയിൽ മുഴങ്ങിയ വിദ്വേഷവാക്കുകൾ തിരിച്ചറിവില്ലാത്ത ബാല്യത്തിന്റെ വെളിവുകേടാണെന്ന് സമാധാനിക്കാമെങ്കിൽ മുൻ എം.എൽ.എ പി.സി.ജോർജ് പടച്ചുവിടുന്ന വിദ്വേഷവാക്കുകൾ എതുഗണത്തിലാകും പെടുത്താനാകുക. ഒരു പ്രത്യേക സമുദായത്തിന്റെ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചാൽ കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള മരുന്നു ഉള്ളിൽ പോകുമെന്നും മറ്റുസമുദായങ്ങളെ ഇല്ലാതാക്കാൻ ചില സെല്ലുകൾ പ്രവർത്തിക്കുന്നതായും ഒരു പൊതുപ്രവർത്തകൻ പറയുമ്പോൾ അതിന് പിന്നിലെ അജണ്ട വർഗീയതയുടെ വിഷം വമിപ്പിക്കുകയെന്നത് അല്ലാതെ മറ്റൊന്നുതന്നെയുമല്ല. ഒരു ക്ഷേത്ര ചടങ്ങിലാണ് ജോർജ് ഹിന്ദുക്കളുടെ മുഴുവൻ സംരക്ഷകനായി മാറിയത്. സംഭവം വിവാദം ആയപ്പോൾ കോടതി ഇടപെടലുകളും അറസ്റ്റും ഉണ്ടായി. തുടർന്ന് കോടതിയുടെ താക്കിതും. എന്നിട്ടും ജോർജ് നഷ്ടമായ രാഷ്ട്രീയ പരിവേഷം വീണ്ടെടുക്കാനുള്ള മാർഗമായി വർഗീയ പരാമർശം വീണ്ടും നടത്തി തടവറയ്ക്കുള്ളിലായി. ഇൗ സമയം ജോർജിന്റെ സംരക്ഷകരായി അവതരിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തവും പ്രബുദ്ധ കേരളം കണ്ടു. എന്തിന് ഇങ്ങനെ സ്വയം അപഹാസ്യരാകണം. ജോർജും ബി.ജെ.പിയും ചിന്തിക്കേണ്ടതും അതുതന്നെയാണ്. മതാന്ധത ബാധിച്ച സമൂഹം അല്ല കേരളത്തിലേത്, ഇവിടെ മതവും സമുദായവും പറഞ്ഞാൽ വിലപ്പോവില്ല. കാരണം എല്ലാ കുടുംബങ്ങളിലും വിവിധ മതത്തിൽപ്പെട്ടവരുണ്ട്. മതത്തിനും മേലെയാണ് മനുഷ്യന്റെ സ്ഥാനം. വർഗീയ വിഷം ചീറ്റുന്ന ജോർജിന്റെ വീട്ടിൽ പോലും അന്യമതസ്ഥയായ മരുമകളുണ്ടെന്ന കാര്യം അദ്ദേഹം വിസ്മരിച്ചു കൂടാ. മതവും വർഗീയതയും ഒരു കാലത്തും ശാശ്വതമായി നിൽക്കുകയില്ലെന്ന ബോധം നമ്മുടെ പൊതുപ്രവർത്തകർക്കും സംഘടനകൾക്കും ഉണ്ടാകേണ്ടതുണ്ട്.