ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതിപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ട്. കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെ സുധാകരനും വി ഡി സതീശനുമെതിരെ കച്ചമുറുക്കിയിരിക്കുകയാണ് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്. വർക്കിങ് പ്രസിഡന്റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ സുധാകരനും വി ഡി സതീശനുമെതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എഐസിസി അംഗങ്ങളെയും പിസിസി അംഗങ്ങളെയും പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.