യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ അധിനിവേശത്തിന്റെ ഒരുവർഷം പിന്നിടുമ്പോഴാണ് സെലൻസ്കി തന്റെ നിലപാട് വ്യക്തമാക്കിയത്. ചൈന റഷ്യയ്ക്ക് യുദ്ധത്തിനായുള്ള ആയുധം നൽകില്ലെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സെലെൻസ്‌കി പറഞ്ഞു. എന്നാൽ ഇതുവരെ ഇതിനോട് ചൈന ഇതിനോട് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ, സമാധനപരമായ ചർച്ച മാത്രമാണ് യുക്രെയ്ൻ പ്രതിസന്ധിക്ക് പ്രായോഗികമായ ഏക പരിഹാരമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ 12 പോയിന്റ് നിർദേശങ്ങളിൽ റഷ്യ യുക്രെയ്നിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രത്യേകം പറയുന്നില്ല. ചൈനയുടെ സമാധാന നിർദേശങ്ങളെ റഷ്യ പ്രശംസിച്ചിരുന്നു.
യുഎന്നിലും യുക്രെയ്നിൽ വെടിനിർത്തലിനും സമാധാന ചർച്ചകൾക്കും ആഹ്വാനം ചെയ്യണമെന്നും തുടങ്ങിയ നിർദേശങ്ങൾ ചൈന മുന്നോട്ടുവച്ചിരുന്നു. അതിനിടെ, റഷ്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചൈന പരിഗണിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. എന്നാൽ, യുഎസിന്റെ ഈ വാദം ചൈന ശക്തമായി നിഷേധിച്ചു.