തിരുവനന്തപുരം :മൂന്ന് നൂറ്റാണ്ടുകളുടെ കോൺഗ്രസിന്റെ സമഗ്രമായ ചരിത്രം അനാവരണം ചെയ്യുന്ന ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ടുകളിലൂടെ ‘എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നൽകി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. പ്രകാശനം ചെയ്തു. പ്രൊഫ. സമദ് മങ്കട രചിച്ച പുസ്തകം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും ആത്മാഭിമാനവും വീണ്ടെടുത്തുതന്ന കോൺഗ്രസിന്റെ ചരിത്രം കേവലം ഒരു രാഷ്ട്രീയ സംഘടനയുടെ ചരിത്രം മാത്രമല്ലെന്നും വിമോചനം ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ഒരു പാഠപുസ്തകമാണെന്നും, കാലതീതമായി നിലനിൽക്കുന്ന ആശയഗാംഭീര്യമാണ് കോൺഗ്രസിന്റെ കരുത്തെന്നും സുധാകരൻ പറഞ്ഞു.
ഭൂതകാല ഭാരതത്തെ വീണ്ടെടുക്കുകയും ആധുനിക ഇന്ത്യയെ സൃഷ്ടിക്കുകയും ചെയ്ത കോൺഗ്രസ് എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും കാലതീതമായി നിലനിൽക്കുമെന്നും പുസ്തകം സ്വീകരിച്ചു കൊണ്ട് വി.ഡി. സതീശൻ ഓർമപ്പെടുത്തി. ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. , വൈസ് പ്രസിഡണ്ടുമാരായ വി.പി. സജീന്ദ്രൻ, വി.ടി. ബൽറാം ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത്, പി.എ. സലിം, ആലിപ്പറ്റ ജമീല, പഴകുളം മധു, എം.എം. നസീർ, പി.എം. നിയാസ്, മലപ്പുറം ഡി.സി.സി. പ്രസിഡന്റ് അഡ്വ വി.എസ്. ജോയ്, കെ.പി.സി.സി. മെമ്പർ വി. ബാബുരാജ്, എ.കെ. അബ്ദുറഹിമാൻ, ഷാജി കട്ടുപ്പാറ തുടങ്ങിയവർ പങ്കെടുത്തു.