തിരുവനന്തപുരം: ഇപ്പോൾ കോൺഗ്രസ് നേതാക്കളും അനുയായികളും ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്ന് മുരളീധരൻ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ല.
രാഹുൽ ഗാന്ധി മുൻപ് പറഞ്ഞത് ഓർമ്മപ്പെടുത്തികൊണ്ടാണ് മുരളീധരൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് മറക്കരുത്. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും. ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഈ സാഹചര്യത്തിൽ രംഗത്ത് വരുന്നത് ശരിയല്ല.



