Sunday, April 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ന് തൃശൂർ പൂരം

ഇന്ന് തൃശൂർ പൂരം

തൃശൂർ: നീണ്ട ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തൃശൂർ പൂരം. വെടിക്കെട്ടും ആകാശപ്പൂരവും ഇല്ലാത്ത എന്നാൽ ആവേശമൊട്ടും ചോരാത്ത പൂരത്തിന്റെ പുതിയൊരു ഭാവം. തൃശൂർ പൂരം വടക്കുന്നാഥന്റേതല്ല എന്നതുപോലെ അത് തൃശൂർക്കാരുടേത് മാത്രവുമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടേത് കൂടിയാണ്. ഇന്നെത്താൻ കഴിയാത്ത ലക്ഷക്കണക്കിന് മലയാളികൾ ലോകത്തിന്റെ പല കോണിലിരുന്ന് മനസ്സുകൊണ്ട് തേക്കിൻകാട് മൈതാനത്തുണ്ടാകും. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലെത്തും.

ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാൻ എത്തിയതോടെ പൂരത്തിന്റെ വരവുകൾക്ക് തുടക്കമായി. പുലർച്ചെ മുതൽ വിവിധ സമയങ്ങളിലായി എട്ടു ഘടക പൂരങ്ങളാണ് വടക്കുംന്നാഥ ക്ഷേത്രത്തിലേക്ക് എത്തുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ താളം പിടിക്കാനെത്തിയവരെയും, പാറമേക്കാവിന്റെ മേളം കേൾക്കാനെത്തിയവരെയും കൊണ്ട് തൃശൂർ ഇന്ന് നിറയും.11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം നടക്കും. അഞ്ചുമണിക്ക് തെക്കോട്ട് ഇറക്കത്തിന് ശേഷമാണ് കുടമാറ്റം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂർ പൂരം.‌ ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽ പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്- തിരുവമ്പാട ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments