ഹൈദരാബാദ്: സ്വത്ത് തർക്കത്തിന് പിന്നാലെ 28 വയസുള്ള പേരക്കുട്ടി വ്യവസായിയായ മുത്തശ്ശനെ കുത്തിക്കൊന്നു. 460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായ വി.സി. ജനാർദന റാവു(86) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പേരക്കുട്ടിയായ കീർത്തി തേജയെ അറസ്റ്റ് ചെയ്തു.പി.ജി പൂർത്തിയാക്കിയ ശേഷം യു.എസിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു കീർത്തി തേജ. വ്യാഴാഴ്ച രാത്രി തേജയും അമ്മ സരോജിനി ദേവിയും ഹൈദരാബാദിലെ മുത്തശ്ശന്റെ വീട്ടിലെത്തി. തേജ മുത്തശ്ശനുമായി സംസാരിച്ചിരിക്കുമ്പോൾ സരോജിനി ദേവി ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. കമ്പനിയുടെ ഡയറക്ടർ പദവിയെ ചൊല്ലിയാണ് മുത്തശ്ശനും പേരക്കുട്ടിയും തമ്മിൽ തർക്കം തുടങ്ങിയത്.
അടുത്തിടെ റാവു മൂത്തമകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ ഗ്രൂപ്പിന്റെ ഡയറക്ടർ ആയി നിയമിച്ചിരുന്നു. ഒപ്പം നാലുകോടിയുടെ ഓഹരി രണ്ടാമത്തെ മകളായ സരോജിനിയുടെ മകനായ തേജക്കും നൽകി.ഇതിൽ നീതിയില്ലെന്നും മുത്തശ്ശൻ രണ്ടുപേരക്കുട്ടികളെയും രണ്ടുരീതിയിലാണ് കണ്ടതെന്നുമായിരുന്നു തേജയുടെ ആരോപണം. കുട്ടിക്കാലം മുതലേ തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചു. വാക്തർക്കത്തിനൊടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട തേജ കത്തികൊണ്ട് മുത്തശ്ശനെ കുത്തുകയായിരുന്നു.
70ലേറെ തവണ റാവുവിന് കുത്തേറ്റതായാണ് റിപ്പോർട്ട്. ഇവരുടെ വഴക്കിൽ ഇടപെട്ട അമ്മയെയും തേജ കുത്തിപ്പരിക്കേൽപിച്ചു. നാലു കുത്തേറ്റ സരോജിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ദൃക്സാക്ഷിയായ സെക്യൂരിറ്റി ഗാർഡിനെ തേജ ഭീഷണിപ്പെടുത്തുകയും ചെയ്തു. തേജയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോർട്ടുണ്ട്.