അഹമ്മദാബാദ്: ഗാന്ധിജിയുടെയും പട്ടേലിന്‍റെയും ജന്മദേശമായ ഗുജറാത്തിൽ നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയെ മോദി ഒരു ദിവസം വിൽക്കുമെന്ന് ഖാർഗെ പറഞ്ഞു.
രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോൺഗ്രസ് ഭരണകാലത്ത് നിർമിച്ചതാണ്. എല്ലാത്തിന്‍റേയും ശിൽപി താനാണെന്നാണ് ഇപ്പോൾ മോദി പറയുന്നത്. ഇ.ഡി, സി.ബി.ഐ, ഐ.ബി പോലുള്ള ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന ബന്ധം ഇതുപോലെ മോശമായി കാലമില്ല. മാന്യമായ ഇടപെടലുകളാണ് യു.പി.എ സർക്കാറിന്‍റെ കാലത്ത് നടത്തിയിരുന്നത്. യു.പി.എം നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്.നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച് ഗവർണർമാർ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് മോദിയുടെ അജണ്ടയായിരുന്നു. സംസ്ഥാന ഭരണത്തിൽ ഇടപെടാനുള്ള മോദിയുടെ ഒരു മാർഗമായിരുന്നു ഗവർണർമാർ. ഗവർണർമാരുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി മോദി സർക്കാറിനേറ്റ തിരിച്ചടിയാണ്. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവന്നത്. ജനങ്ങളുടെ ദാരിദ്ര്യത്തിന് മാറ്റം വന്നിട്ടില്ല. പിന്നാക്ക വിഭാഗത്തിന്‍റെയും ദലിതുകളുടെയും അവസ്ഥയിലും യാതൊരു മാറ്റവുമില്ല. മോദിയുടെ ഒ.ബി.സി പ്രേമം വ്യാജമാണ്. വോട്ട് കിട്ടാനുള്ള ഒരു തന്ത്രം മാത്രമാണ്. പാവപ്പെട്ട മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കായി മോദി ഒന്നും ചെയ്യുന്നില്ലെന്നും ഖാർഗെ പറഞ്ഞു.
വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ആണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി തെളിയിക്കാനാണ് കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നത്. അട്ടിമറി തെളിയിക്കാൻ സാധിക്കാത്ത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പിന്നെങ്ങനെ തെളിയിക്കാനാവുമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിയുടെ ഊർജം കോൺഗ്രസിന് കൂടുതൽ ശക്തി നൽകും. സോണിയ ഗാന്ധിയുടെ ആശിർവാദവും ഉണ്ടാകും. സിന്ദാബാദ് വിളിച്ചു നടന്നിട്ട് കാര്യമില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും ഊർജസ്വലനാകണം. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.