Tuesday, April 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത് മൂന്ന് പേരെ; യു ഷറഫലിക്കും സാധ്യത

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത് മൂന്ന് പേരെ; യു ഷറഫലിക്കും സാധ്യത

മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി സി.പി.എം പരിഗണിക്കുന്നത് മൂന്നുപേരെ. യു.ഷറഫലി, പ്രൊ.തോമസ് മാത്യു,ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്‍റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയത്.

മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ് യു.ഷറഫലി.സംസ്ഥാന സ്പോര്‍ട് കൗൺസില്‍ പ്രസിഡണ്ടുമാണ്. മുൻ കോൺഗ്രസ് നേതാവും ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാളുമാണ് പ്രൊഫ.തോമസ് മാത്യു. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടാണ് ഡോ.ഷിനാസ് ബാബു. ഫുട്ബോള്‍ ആരാധകരുടെ വോട്ടില്‍ കൂടി കണ്ണുവച്ചാണ് ഷറഫലിയെ സിപിഎം പരിഗണിക്കുന്നത്.

മലയോര,കുടിയേറ്റ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് പ്രൊഫ.തോമസ് മാത്യു. കെ പി സി സി അംഗമായിരുന്ന ഇദ്ദേഹം ആര്യാടൻ മുഹമ്മദുമായി പിണങ്ങി കോൺഗ്രസ് വിട്ടതാണ്. സിപിഎം പിന്തുണയോടെ രണ്ട് തവണ നേരത്തെ നിലമ്പൂരില്‍ മത്സരിച്ചിട്ടുള്ള തോമസ് മാത്യു 1996 ലും 2011 ലും കടുത്ത മത്സരമാണ് കാഴ്ച്ചവച്ചത്. യുഡിഎഫിനെ ഞെട്ടിച്ച് ആര്യാടൻ മുഹമ്മദിന്‍റെ ഭൂരിപക്ഷം രണ്ടു തവണയും ആറായിരത്തില്‍ താഴെയത്തിക്കാനും തോമസ് മാത്യുവിന് കഴിഞ്ഞു. 2016 ല്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരിക്കെ പി വി അൻവറിനുവേണ്ടി സിപിഎം നേതൃത്വം തോമസ് മാത്യുവിനെ തഴയുകയായിരുന്നു. ഈ സഹതാപവും വോട്ടര്‍മാര്‍ക്ക് ഇദ്ദേഹത്തോട് ഉണ്ട്. 

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടായ ഡോ.ഷിനാസ് ബാബു നിലമ്പരൂരിലെ സാമൂഹ്യരംഗത്തും സജീവമാണ്. ഈ മൂന്നു പേര്‍ക്കും അനുകൂല സാധ്യതകള്‍ ഏറെയുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.കോൺഗ്രസ് സ്ഥാനാര്‍ത്ഥിയ തീരുമാനിച്ചാല്‍ അതാരാണെന്ന് നോക്കി ഈ മൂന്നു പേരില്‍ നിന്നും ഏറ്റവും സാധ്യതയുള്ള ഒരാളെ  സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് സിപിഎം തീരുമാനം. ഇതിനിടെ കോൺഗ്രസില്‍ നിന്ന് അസംതൃപ്തിയുമായി ആരെങ്കിലും വരുമോയെന്നും സിപിഎം നോക്കുന്നുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ ഇത്തവണയെങ്കിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് പ്രാദേശികമായി ആവശ്യം ഉയര്‍ന്നെങ്കിലും അത് സിപിഎം നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com