കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഗെസ്റ്റ് ഹൗസിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. പൊലീസിന്‍റെ അഖിലേന്ത്യാ ബാഡ്മിന്‍റൺ ക്ലസ്റ്റർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് പരിപാടി സ്ഥലമായ കടവന്ത്രയിലേക്ക് മുഖ്യമന്ത്രി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധമുണ്ടായത്.
മാസപ്പടി കേസിൽ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പുറത്തിറങ്ങാറായെന്ന് മനസിലാക്കി റോഡിൽ നിന്ന് അപ്രതീക്ഷിതമായി പ്രതിഷേധക്കാർ എറണാകുളം ഗെസ്റ്റ് ഹൗസിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് നീക്കിയത്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡൻറ് സിജോ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്വാതിഷ് സത്യൻ, പി.വൈ. ഷാജഹാൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മിവ ജോളി, നിയോജകമണ്ഡലം പ്രസിഡൻറ് ജെർജസ്, ജില്ലാ ഭാരവാഹികളായ ഷിറാസ്, സനൽ തോമസ്, ബി. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.