മലങ്കരസഭയുടെ ആത്മീയ പാരമ്പര്യവും സ്വാതന്ത്ര്യവും സാമൂഹിക പ്രതിബദ്ധതയും ശക്തിപ്പെടുത്തണം : വലിയ മെത്രാപ്പോലീത്ത

Global Indian Writer · September 20, 2026 · 1 min read · 0 Comments · 0 Shares

ചന്ദനപ്പള്ളി: മലങ്കരസഭയുടെ ചരിത്രത്തിലെ നിർണായക അധ്യായത്തെ അനുസ്മരിക്കുന്നതിനൊപ്പം സഭയുടെ ആത്മീയ പാരമ്പര്യം, സ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമായി കാതോലിക്കേറ്റ് സ്ഥാപിതമായതിന്റെ 114-ാം വാർഷികാചരണം മാറണമെന്ന് സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് പറഞ്ഞു.

മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിതമായതിന്റെ 114-ാം വാർഷികത്തോടനുബന്ധിച്ച് ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളിയിൽ നടന്ന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള സഭയുടെ ഉത്തരവാദിത്തവും മനുഷ്യസ്നേഹവും സേവന മനോഭാവവും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.

സഭയുടെ ആത്മീയ പാരമ്പര്യവും വിശ്വാസമൂല്യങ്ങളും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനൊപ്പം സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെയും ദുരിതമനുഭവിക്കുന്നവരുടെയും ആവശ്യങ്ങളിൽ സഭ കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസം ആരാധനയിൽ മാത്രം ഒതുങ്ങാതെ കരുണയുടെയും സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ജീവിതസാക്ഷ്യമായി മാറണം എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

മലങ്കരസഭയുടെ തനിമയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ കാതോലിക്കേറ്റ് സ്ഥാപനം നിർണായകമായിരുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പറഞ്ഞു. കാതോലിക്കേറ്റ് അതിന്റെ പൂർണമായ അർത്ഥം കൈവരിച്ചതിന്റെ ഫലമായി ലോകമെമ്പാടും 32 ഭദ്രാസനങ്ങളുള്ള സഭയായി മലങ്കരസഭ വളരാൻ കഴിഞ്ഞെന്നും,മലങ്കരസഭയുടെ ആത്മീയ നേതൃത്വത്തിനും സഭാതനിമ സംരക്ഷിക്കുന്നതിനും പുതിയ ദിശ ലഭിച്ചു എന്നും പിന്നീട് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി സഭ വളർന്ന് ആഗോള വിശ്വാസസമൂഹമായി മാറിയതും കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ കൂട്ടിച്ചേർത്തു.

രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, ഫാ. ജോബിൻ യോഹന്നാൻ, അഡ്വ. അനിൽ പി. വർഗീസ്, ഡോ. ജോർജ്ജ് വർഗീസ് കൊപ്പാറ, ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.