Wednesday, April 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeമലയാളി വൈദീകന്‍ ജർമനിയിൽ റെയില്‍വേ പാളത്തില്‍ വീണ് മരിച്ചു

മലയാളി വൈദീകന്‍ ജർമനിയിൽ റെയില്‍വേ പാളത്തില്‍ വീണ് മരിച്ചു

ബർലിൻ: എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗമായ ഫാ. ജിജു കിലുക്കൻ (47) ജർമനിയിലുണ്ടായ അപകടത്തിൽ മരിച്ചു. ജർമനിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.

ഏപ്രിൽ 20ന് വൈകുന്നേരം 5:15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് (Schwabing-West) നോർഡ്-ഫ്രീഡ്‌ഹോഫ് യു-ബാൻ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഫാ. ജിജു ബാൻ വരുന്നത് കണ്ട് അതിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.

യു-ബാൻ ലൈൻ 6-ന്റെ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം പാളത്തിലേക്ക് വീണ ഉടൻ തന്നെ ട്രെയിൻ ഡ്രൈവർ ‘എമർജൻസി ബ്രേക്ക്’ (Gefahrenbremsung) ഇട്ടെങ്കിലും ട്രെയിൻ വേഗതയിലായിരുന്നതിനാൽ ഇടിക്കുന്നത് ഒഴിവാക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കൊല്ലക്കോട് കിലുക്കൻ പരേതനായ കെ. വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനാണ് ഫാ. ജിജു. സഹോദരങ്ങൾ: വിജി ജോയി, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലുക്കൻ (എഫ്.എച്ച്.ജി.എസ്). അച്ചന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾജർമനിയിലെ ഇന്ത്യൻ എംബസിയുടെയും മ്യൂണിക്ക് കോൺസുലേറ്റിന്റെയും സഭാധികൃതരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments