യുദ്ധത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കേണ്ട: മംദാനി

Global Indian Writer · November 5, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം മൂലമാണ് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. യുദ്ധത്തിന്റെ ഉത്തരവാദിത്തം മറ്റേതോ ഭരണകൂടത്തിന്റെ മേൽ ചുമത്തുന്നതുപോലെയാണ് വാൻസിന്റെ പ്രതികരണമെന്ന് മംദാനി കൂട്ടിച്ചേർത്തു. വാൻസ് അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമാണെന്നും പുറത്തുനിന്നുള്ള രാഷ്ട്രീയ നിരീക്ഷകനല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇറാൻ യുദ്ധത്തെക്കുറിച്ച് വാൻസ് നടത്തിയ പരാമർശങ്ങൾ വിരോധാഭാസമായാണ് തോന്നുന്നതെന്നും അഭിമുഖത്തിൽ മംദാനി പറഞ്ഞു. “മറ്റേതോ ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണ് വൈസ് പ്രസിഡന്റിന്റെ കുറിപ്പ് വായിക്കുമ്പോൾ തോന്നുന്നത്. അദ്ദേഹം അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന ഒരു സാധാരണ വ്യക്തിയല്ല. യുദ്ധം തുടങ്ങിയത് അവരാണ്. അത് അവസാനിപ്പിക്കാനും അവർക്കാകും. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തിരിച്ചടിക്ക് യുദ്ധം കാരണമായെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുകൂടേ?” മംദാനി കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.