തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥ തുറന്നുനൽകുന്ന വിദ്യാഭ്യാസ, തൊഴിൽ, സംരംഭക സാധ്യതകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കേരളീയം കേരള ഗ്ലോബൽ ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച പഠനശിൽപ്പശാല ശ്രദ്ധേയമായി. തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട 11 സ്കൂളുകളെ പ്രതിനിധീകരിച്ച് 11 വിളക്കുകൾ തെളിയിച്ചത് അറിവിലേക്കും അവസരങ്ങളിലേക്കുമുള്ള പുതിയ യാത്രയുടെ പ്രതീകമായി.

‘മിഷൻ സമുദ്ര ആൻഡ് ബ്ലൂ എക്കോണമി’ എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയ്ക്ക് അന്താരാഷ്ട്ര മാരിടൈം വിദഗ്ധനും ‘മാൻ ഓഫ് മാരിടൈം ആൻഡ് ബ്ലൂ എക്കോണമി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയം അംഗവുമായ ശ്രീ നാണു വിശ്വനാഥൻ നേതൃത്വം നൽകി. തിരുവനന്തപുരം, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽനിന്നുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ പങ്കെടുത്തു.
കപ്പൽഗതാഗതം, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, അന്താരാഷ്ട്ര വ്യാപാരം, സമുദ്രനിയമം തുടങ്ങി വിശാലമായ മാരിടൈം മേഖലയിലെ പഠനവഴികളും തൊഴിൽസാധ്യതകളും സംരംഭക അവസരങ്ങളും നാണു വിശ്വനാഥൻ വിശദീകരിച്ചു.

വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് പഠനമേഖലകൾ എങ്ങനെ തിരഞ്ഞെടുക്കണം, ആവശ്യമായ അറിവും നൈപുണ്യവും എങ്ങനെ നേടണം, മിഷൻ സമുദ്രയിലൂടെ ഉയർന്നുവരുന്ന സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തണം തുടങ്ങിയ വിഷയങ്ങൾ സംവാദത്തിൽ ഉൾപ്പെട്ടു. വിദ്യാർത്ഥികളുടെ ചോദ്യങ്ങളും അനുഭവാധിഷ്ഠിതമായ മറുപടികളും പഠനക്ലാസിനെ സജീവമാക്കി.
സമുദ്ര സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സമാപനപ്രഭാഷണം നടത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറും കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെറോമിക് ജോർജ് ഐ.എ.എസ്. പറഞ്ഞു. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ വികസനത്തോടെ രൂപപ്പെടുന്ന തൊഴിൽസാധ്യതകൾ ലക്ഷ്യമിട്ട്, മിഷൻ സമുദ്രയുടെ ഭാഗമായി പുതിയ കോഴ്സുകൾ രൂപകല്പന ചെയ്യാൻ മാരിടൈം ബോർഡ് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ പ്രോ ചാൻസലർ ഡോ. ഫൈസൽ ഖാൻ, കെ.ടി.ഡി.സി. മുൻ ചെയർമാനും വിഴിഞ്ഞം തുറമുഖ മേഖലയിലെ സംരംഭകനുമായ വിജയൻ തോമസ് എന്നിവർ ബ്ലൂ എക്കോണമി രംഗത്തെ ഉന്നതപഠന, തൊഴിൽ, സംരംഭക സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.

പങ്കെടുത്ത സ്കൂളുകളിലെ വിദ്യാർത്ഥികളെ മെഡലുകൾ നൽകി കേരളീയം ആദരിച്ചു. മാരിടൈം–ബ്ലൂ എക്കോണമി മേഖലകളിലെ അറിവും അനുഭവസമ്പത്തും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനങ്ങളെ മാനിച്ച് ശ്രീ നാണു വിശ്വനാഥനെ ‘മാൻ ഓഫ് മാരിടൈം ആൻഡ് ബ്ലൂ എക്കോണമി’ എന്ന വിശേഷണത്തോടെ സ്മരണിക നൽകി ആദരിച്ചു.

കേരളീയം വർക്കിങ് ചെയർമാൻ ജി. രാജ്മോഹൻ, വൈസ് ചെയർമാൻ സരോഷ് പി. എബ്രഹാം, സെക്രട്ടറി ജനറൽ ലാലു ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ആർ. ശക്തിധരൻ, ആർ. അജിത്കുമാർ, ജെ. എസ്. ഇന്ദുകുമാർ, വൈ. വിജയൻ, പി. ടി. ചന്ദ്രകാന്ത്, കെ. പി. കൃഷ്ണകുമാർ, ശശികുമാർ ആർ. നായർ, ദീപക് ധനജ്ഞയൻ, മാധ്യമപ്രവർത്തകൻ ബി. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ സമുദ്രസാധ്യതകളെ വിദ്യാർത്ഥികളുടെ ഭാവിസ്വപ്നങ്ങളുമായി ബന്ധിപ്പിച്ച ശിൽപ്പശാല, അറിവോടെയുള്ള പഠനതിരഞ്ഞെടുപ്പുകൾക്കും പുതിയ തൊഴിൽ–സംരംഭക ചിന്തകൾക്കും പ്രചോദനമായി….. കേരളീയം….

















Leave a Comment
Your comment will be visible after admin approval.