ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി ജയരാജന് എതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതി

Global Indian Writer · June 16, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി ജയരാജന് എതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതി. പൊലീസിന്‍റെ റിപ്പോർട്ട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയിൽ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. കോടതി ഉത്തരവ് നീതി ലഭിക്കാൻ സഹായിക്കുമെന്നായിരുന്നു പരാതിക്കാരനായ ഫർസീൻ മജീദിന്‍റെ പ്രതികരണം.


‘സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരന്‍മാരുടെ രൂപത്തിൽ എത്തിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെയും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം. കോടതിയിൽ കാര്യങ്ങളെല്ലാം വിശദീകരിക്കും. പൊലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്. കോടതിയല്ല പൊലീസ്. കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം. കേരളത്തിന്‍റെ സമാധാന അന്തരീക്ഷത്തെ തകർക്കാൻ നടത്തിയ ആസൂത്രിത നീക്കമാണ് അന്ന് ഇൻഡിഗോ വിമാനത്തിൽ ഉണ്ടായത്’. ജയരാജൻ വ്യക്തമാക്കി. കേസിൽ പ്രതിയും പരാതിക്കാരനുമായിരുന്നില്ലെന്നും എന്നിട്ടും തന്‍റെ പേര് കോടതി എന്തുകൊണ്ടാണ് പരാമർശിച്ചതെന്ന് അറിയില്ലെന്നും ജയരാജൻ പറഞ്ഞു. പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂവെന്നും ബാക്കി കാര്യങ്ങൾ വഴിയേ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസ് എഴുതിത്തള്ളാനാവില്ലെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരൻ പ്രതികരിച്ചു. കോടതി ഉത്തരവ് നീതി ലഭിക്കാൻ സഹായിക്കുമെന്ന് ഫർസീൻ മജീദ് പറഞ്ഞു. തെളിവുകൾ നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്നും അവരുടെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കോടതിയെ സമീപിച്ചതെന്നും ഫർസീൻ പറഞ്ഞു.


കോടതിയുടെ ഉത്തരവ് നീതി ലഭിക്കാൻ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ നൽകിയ തെളിവുകളൊന്നും പൊലീസ് പരിഗണിച്ചിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കോടതിയെ സമീപിച്ചത്. 2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്‍റെ പേരിൽ ഞങ്ങളെ ജയിലിലടക്കുകയും വധശ്രമക്കേസ് ചുമത്തുകയുമായിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഞങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസിൽ നേരത്തെ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട്, കോടതി മുഖാന്തിരം നൽകിയ പരാതിയിലാണ് കേസെടുത്തത്ട. ഫർസീൻ വ്യക്തമാക്കി.


നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്നും ഇതിനേക്കാൾ മാന്യമായ കമ്പനികൾ വേറെയുണ്ടെന്നും 2022 ജൂലൈ 18ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളിയതിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോഴായിരുന്നു അന്ന് എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ ഇൻഡിഗോയ്ക്കെതിരെ രംഗത്തെത്തിയത്. മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഇൻഡിഗോ അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്.


മാന്യതയുള്ള കമ്പനിയാണെങ്കിൽ തനിക്ക് പുരസ്‌കാരം നൽകുകയാണ് വേണ്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തുകയുണ്ടായി. വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. 2022 ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

Share this story

Leave a Comment

Your comment will be visible after admin approval.