തിരുവനന്തപുരം: ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ കേരളത്തിൽ ബി.ജെ.പിയുമായി കൈകോർത്തു പിടിക്കാനുള്ള ശ്രമങ്ങളുടെ റിഹേഴ്സലാണ് ഡൽഹി കേരള ഹൗസിൽ നടന്നതെന്ന് രമേശ് ചെന്നിത്തല. കാബിനറ്റ് ശ്രേണിയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേന്ദ്ര ധനമന്ത്രിയുമായി എന്ത് അനൗദ്യോഗിക കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് കേരള മുഖ്യമന്ത്രി വിശദീകരിക്കണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന അഭിസംബോധനയോടെയായിരുന്നു ചെന്നിത്തലയുടെ പരാമർശങ്ങൾ. ‘മുഖ്യമന്ത്രി എന്താണ് കേന്ദ്ര ധനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് പി.ആർ.ഡിയുടെ വാർത്തക്കുറിപ്പിൽ പറയുന്നില്ല.
കേന്ദ്ര ധനമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരള ഹൗസിൽ വന്ന് കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയം കാണുന്നെങ്കിൽ എന്താണ് തെറ്റ്. ഗവർണർക്ക് രാഷ്ട്രീയമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ രാഷ്ട്രീയം കളിക്കുകയാണ് എന്നും ചെന്നിത്തല പറഞ്ഞു